Friday, August 30, 2013

കഥ

കൊടുവേലിപ്പൂക്കള്‍ 

പുറത്തെ വലിയ അടുപ്പില്‍ ചാത്തന്‍റെ കാളി നെല്ല് പുഴുങ്ങുന്നതും നോക്കി ഇരിക്കുക യായിരുന്നു അമ്മു .തിരുവാതിരമാസത്തിന്‍റെ കുളിരും നേരത്തെ യുള്ള കുളിയും കാരണം ഒരു  വിറയലും കൊണ്ട് തീയിന്‍റെ ചൂടേറ്റു ഇരിക്കാന്‍ നല്ല സുഖം .

തിരുവാതിരയോടടുത്ത് കാര്‍ത്തിക തൊട്ടേ കാക്ക ഉണരുന്നതിനു മുന്‍പേ കുളിക്കണം എന്നാണ് വല്യമ്മ യുടെ ചിട്ട .വല്യമ്മയ്ക്ക് എല്ലാ അനുഷ്ടാനങ്ങളും നിര്‍ബന്തമാണ് .അമ്മൂന്റെമ്മയ്ക്ക് അങ്ങനെയൊന്നുമില്ല വേണേല്‍ ആകാം വേണ്ടേല്‍ വേണ്ട എന്ന  സാ മട്ട് 
എല്ലാ കാര്യത്തിനും അങ്ങനെ തന്നെ...... കമിഴ്ന്നു കിടന്നു പുസ്തകം വായിക്കുന്നതാണ് ഇഷ്ട വിനോദം .

 ഹോ എന്ത് രസമാണിങ്ങനെ തീ കത്തുന്നതും നോക്കി ഇരിക്കാന്‍, ..തീയിന്‍റെ ഭംഗി എത്ര കണ്ടാലും മതിയാകില്ല ...അമ്മുന്റെ . അമ്മ പറയുന്നത്  കണ്ടാല്‍  ജ്വലി ക്കുന്ന തൊട്ടാല്‍ പൊള്ളുന്ന ഭംഗി  വേണം ത്രെ പെണ്‍കുട്ടികള്‍ക്ക് ... അമ്മു വലുതാകുമ്പോ ഇത് പോലെ തീ പോലത്തെ ഭംഗി ഉണ്ടാകണം ...അതിനു എന്താണാവോ ചെയ്യേണ്ടത് വല്യമ്മയ്ക്ക് അറിയുന്നുണ്ടാവും ..അമ്മോട് എന്ത് ചോദിച്ചാലും ചിരിക്കുകയെ  ഉള്ളൂ ...

കാളി ഒരു പാവ പോലെ ഇരുന്നാണ് അടിച്ചുകൂട്ടിയ ചപ്പു ചവറുകള്‍ നെല്ക്കലത്തിന്റെ അടിയിലേയ്ക്കു മുളം കോല് കൊണ്ട് തള്ളി നീക്കുന്നത് ....കാളി നന്നേ കറുത്തിട്ടാണ് ഉണങ്ങി മെലിഞ്ഞു ഒരു രൂപം അധികം മിണ്ടാട്ടം ഇല്ല എന്തെങ്കിലും പണി ഉണ്ടേല്‍ ചെയ്തിട്ട് പോകും. ചാത്തന്‍  ആണ്  കൂലി കൂടി വാങ്ങിട്ടു  പോവുക ..
.
കാളി കത്തിക്കുന്ന അടുപ്പിലേയ്ക്ക് അമ്മു കുറെ ഓലക്കുടി തള്ളി കയറ്റി ....തുമ്പ് കത്തിയ ഓലയുടെ പിന്‍ വശത്ത് കൂടെ വെള്ള പുക വലയം തീര്‍ത്തു പൊങ്ങി പരക്കുന്നതും നോക്കി അമ്മു ഇരുന്നു .

തീനാമ്പുകള്‍ തിളങ്ങുന്നചെമ്പോലത്തെ നാല് പാടും നക്കി തോര്ത്തുന്നു .വേകാന്‍ തുടങ്ങിയ നെല്ലിന്‍റെ തിളയില്‍ നിന്നും ഒഴുകുന്ന കണ്ണീര്‍ ഒപ്പുന്നു ;.

കുറച്ചങ്ങോട്ട് മാറി ചാത്തന്‍ പ്ലാവിന്റെ വിറകു വെട്ടുന്നു .കറുത്ത് ദൃഡമായ ശരീരത്തിലൂടെ വിയര്‍പ്പു ചാലിട്ടൊഴുകുന്നു .ഇടയ്ക്കിടെ വിറകു വെട്ടല്‍ നിര്‍ത്തി .കയ്യില്‍ മുറുക്കാന്‍ തുപ്പലും വിയര്‍പ്പും ചേര്‍ത്ത് കൈകള്‍ കൂട്ടി തിരുമ്മുന്നു .ബാക്കി നേരം പതിവ് പോലെ, അടുക്കള പുറത്തെയ്ക്കാണ് കണ്ണ് .

' എന്താ ചാത്താ കുടിക്കാന്‍ വല്ലോം വേണോ ?
നാണുമ്മാമ്മ യുടെ ശബ്ദം 

"അതെമ്ബ്രാ ,..കഞ്ഞി വെള്ളം ആയെങ്കില്‍ "ചാത്തന്‍ തലേകെട്ട് അഴിച്ചുകെട്ടുന്നു ..

അമ്മു .അരി വാര്ത്തെങ്കില്‍ ഇത്തിരി വെള്ളം എടുത്തോ കുറച്ചു വറ്റോടെ......

അമ്മു നീരസത്തോടെ അടുക്കളപ്പുരയിലെയ്ക്ക് നടന്നു .

അടുക്കളയില്‍ കാല്നീട്ടി ഇരുന്നു അരയന്ഗുലം നീളത്തില്‍ അവിയലിന് കഷണം നുറുക്കുന്ന അമ്മ .

വല്യമ്മ കുനിഞ്ഞു നിന്ന് അടുപ്പത്ത് നിന്നും ചോറും കലം ഇറക്കി അടപലക വെച്ചു പാത്തിയിലേയ്ക്ക്   വാര്‍ക്കുന്നു 

":അമ്മെ ചാത്തന് കഞ്ഞി വെള്ളം വേണംന്ന് "

"വിളിച്ചു കൂവാന്‍ നിക്കണ്ട കൈ പൊള്ളിക്കാതെ നീയ്യന്നെ കൊറച്ചു കൊണ്ടോയ്  കൊടുക്ക്‌ "

"എന്നെ കൊണ്ടൊന്നും പറ്റില്ല ..അസത്ത്,, കണ്ടൂടാ എനിക്കതിനെ കണ്ടോടം പിടിച്ചു നുള്ളും .....ഒന്നൂല്ലേലും ഞാനൊരു നായരുകുട്ടി അല്ലെ അമ്മെ ..അയാള് തൊട്ടാ ഞാന്‍ കുളിക്കണ്ടേ ?"

"ഈ പെണ്ണിന്റെ ഒരു നാക്ക്‌ ഞാന്‍ നല്ലത് വെച്ച് തരും അതൊക്കെ
 പണ്ടല്ലേ നീ കിണ്‌ങ്ങാന്‍ നിക്കാണ്ട് കൊണ്ടോയ് കൊടുക്കുനുണ്ടോ കുട്ടി "

"എന്നോട് പറയണ്ട...... അമ്മ ഇത് കണ്ടോ?"   അമ്മു അടി ഉടുപ്പ് മാറ്റി തുടയില്‍ നീലിച്ചു കിടക്കുന്ന പാട് കാണിച്ചും കൊണ്ട് പറഞ്ഞു 
" അമ്പതു പൈസ വട്ടത്തിലാ കിടക്കണേ.... ഈ ജന്തുഇന്നാള് പിടിച്ചു  നുള്ളിയതാ ..എന്‍റെ അച്ഛന്‍ ഇങ്ങോട്ട് വന്നോട്ടെ  പറഞ്ഞു കൊടുക്കുന്നുണ്ട് ഞാന്‍ ....അതിന്‍റെ.അടുത്തേയ്ക്ക് ചെല്ലാന്‍ സാധിക്കോ ? വിയ്ര്‍പ്പിന്റെം മുറുക്കാന്‍ ന്റേം  ഒരു പച്ച ചൂര് ...എന്നെ കൊണ്ട് സാധിക്കില്ല  വേണങ്കില്‍ അമ്മ പോകൂ 

 വല്യമ്മ പാത്തിയിലെ വെള്ളം ഒരു പാത്രത്തിലേയ്ക്ക് പകര്‍ന്ന്, വീണ്ടും ചോറും കലം ചെരിച്ചു വെച്ചു നിവര്‍ന്നു നിന്ന് മേലോട്ട് കയറിപോയ റവുക്ക പിടിച്ചു താഴ്ത്തി ഇറുക്കി കെട്ടി വെച്ച്. മുതുകിലൂടെ കൈകള്‍ പിണച്ച് ഒന്നരമുണ്ടിന്റെ താറു വലിച്ചു കുത്തി . കഞ്ഞി പാത്രവുമായി  പുറത്തേയ്ക്ക് നടന്നു 
വല്യമ്മ എപ്പോഴും കടും കളര്‍ റവുക്കയും മുണ്ടുമാണ് ധരിക്കുക മേല്‍മുണ്ട്‌ പുറത്തു പോകുമ്പോഴേ ഉപയോഗിക്കാറുള്ളൂ .കഞ്ഞീം നീലോം മുക്കി ഉണക്കിയ തുണികള്‍ കിടക്കയുടെ അടിയില്‍ വെച്ചു ചുളിവു നിവര്ത്തിയിട്ടേ ഉടുക്കൂ 

വല്യമ്മയ്ക്ക് കടും കളര്‍ നന്നായി ചേരും .നന്നേ വെളുത്തിട്ടാണ്‌ നല്ല ചുരുണ്ട മുടിയും നല്ല പൊക്കവും ഉണ്ട് .അമ്മയ്ക്ക് അത്രന്നെ നിറവും ഉയരവും ഇല്ലെങ്കിലും അമ്മയുടെ മുഖത്ത്തിനാണ് കൂടുതല്‍ ഐശ്വര്യം എന്നെ അമ്മൂന് തോന്നാറ്


അമ്മ പഞ്ഞി പോലത്തെ വോയില്‍ സാരി ആണ് ഉടുക്കുക അത് പട്ടാള നിയമം ആണ് എന്നാണ് വല്യമ്മ അമ്മയെ കളിയാക്കി പറയാറ് 
 അമ്മുന്റെ അച്ഛന്‍ പട്ടാള ത്തിലാണ്  ഒന്നോരണ്ടോ തവണഅച്ഛന്‍ വന്നു പോയ ഓര്‍മയെ  അമ്മുവിനുള്ളൂ .....ബാക്കി അമ്മുന്റെ അച്ഛന്‍ എന്ന് പറയുമ്പോള്‍ അമ്മയുടെ കണ്ണിലെ തിളക്കവും ...പിന്നേം പിന്നേം അമ്മ വായിക്കുന്ന അച്ഛന്റെ കത്തിലെ ഈറന്‍ പടര്‍ന്ന വടിവൊത്ത അക്ഷരങ്ങളും ആണ് അമ്മുവിന് അച്ഛനെ പ്രിയപ്പെ ട്ടതാക്കുന്നത് 

  വല്യമ്മയ്ക്ക് കുട്ടികളില്ല അമ്മുന്റെ കൂട്ടുകാരികള്‍ക്കെല്ലാം പറച്ചില് അമ്മൂന് രണ്ടമ്മയുണ്ട് എന്നാണ് ...വല്യമ്മ യുടെ വല്യച്ചന്‍ മൂസതാണ് ..ശുചീന്ത്രം എന്ന് പറയുന്ന സ്ഥലത്തെ അമ്പലത്തില്‍ കഴകം ആണ്   ത്രെ ....നാട്ടിലെ ഉത്സവകാലത്തേ ഇങ്ങോട്ട് വരാറുള്ളൂ വരുമ്പോള്‍ നല്ല വാസന സോപ്പും ജാക്കറ്റ് ശീലകളും കൊണ്ട് വരും ...

വല്യച്ചന്‍ വന്നാല്‍ ആരോടും മിണ്ടികണ്ടിട്ടില്ല ...രാത്രി കഥകളി കാണാന്‍ പോക്കും പകലുറക്കവും.... ഉത്സവം കഴിഞ്ഞാല്‍ തിരിച്ചു പോകുകയും ചെയ്യും. വല്യ കഥകളി ഭ്രാന്തന്‍ ആണെന്നാണ് എല്ലാരും പറയുന്നേ ..

വല്യമ്മ കഞ്ഞി വെള്ളവും കൊണ്ട് ചാത്തന്റെ അടുത്തേയ്ക്ക് പോയതും അമ്മു പിന്നാലെ ചെന്നു..വല്യമ്മയെ കണ്ടപ്പോ ചാത്തന്‍റെ മുഖത്ത് എന്നത്തെയും പോലെ ഒരു ചിരി മിന്നി മറഞ്ഞു കറുത്ത ദേഹത്ത് വിയര്‍പ്പുചാലുകള്‍ അധികമയിട്ടോഴുകി .വല്യമ്മ കുനി ഞ്ഞ്    കഞ്ഞി പാത്രം ചാത്തന്‍റെ തൊ ട്ടടുത്ത്‌ തറയില്‍ വെച്ചു ...

അമ്മു തെല്ലകലെ മാറി നിന്നു ...ഇപ്പോള്‍ ചാത്തന്‍ തലേകെട്ട് അഴിച്ച് വീശി വെട്ടാനുള്ള മരത്തില്‍ ചാഞ്ഞിരുന്നു കഞ്ഞി പാത്രം ചുണ്ടോടുപ്പിക്കുന്നു ..വല്യമ്മ  കീറിയ വിറകുകളുടെ നുറുങ്ങുകള്‍ കൊട്ടയില്‍ പറക്കുന്ന ഭാവത്തില്‍ നിക്കുന്നു 

"പട്ടാളം തമ്പ്രാന്‍ എപ്പോ ആണ് അമ്മുകുട്ട്യെ വരിക ?" അമ്മു ചോദ്യം കേട്ടതായി ഭാവിച്ചില്ല ..അച്ഛനെ പറ്റിയാണ് ചോദ്യം അച്ഛന്‍ വരുമ്പോള്‍ ഇയാള്‍ക്ക് റാട്ട് കൊണ്ട് വരുന്ന പതിവുണ്ട് ത്രെ .... ചിലപ്പോ ഒക്കെ ചാത്തന്‍റെ കൂടെ പാടത്ത് ഇറങ്ങി കിളക്കുകയുംചെയ്യുമെന്ന് ...

അപ്പൊ അമ്മു പറഞ്ഞാല്‍ അച്ഛന്‍ ചാത്തനെ ഇവിടെ നിന്നും പറഞ്ഞയപ്പിക്കില്ലേ ? അമ്മൂന്  നിരാശ തോന്നി എല്ലാരും ചാത്തന്‍റെ സെറ്റാ.... 
ആരുമില്ലത്തപ്പോ അതിന്‍റെ സ്വഭാവം അമ്മൂനല്ലേ അറിയൂ ..

എല്ലാത്തിനും എല്ലാര്‍ക്കുംചാത്തന്‍ വേണം തിരുവാതിരയ്ക്ക് നല്ല കൊമ്പ് നോക്കി ഊഞ്ഞാല്‍ കെട്ടാനും ..നോയമ്പ് കഴിഞ്ഞു കുടിക്കാനുള്ള കരിക്ക് വെട്ടാനും ..വാഴക്കുല വെട്ടാനും എല്ലാത്തിനും... .അപ്പൊ അമ്മു പറയുന്നത് ആരെങ്കിലും കേള്‍ക്കുമോ ?

 അലസമായി അമ്മു കിഴക്കേ തൊടിയിലെയ്ക്കിറങ്ങി ...ഒരു വലിയ വാരം നിറയെ കൊടുവേലി തിരി നീട്ടി  പൂത്ത് നില്‍ക്കുന്നു ..ആദ്യമായാണ് ഈ  കൊടുവേലി പൂത്ത് നില്‍ക്കുന്നത് കാണുന്നത് . ഈ പ്രദേശത്ത് ഒന്നും ഇതുവരെ കൊടുവേലി ഉണ്ടായിരുന്നില്ല .തിരുവാതിരയ്ക്ക് പാതിരാക്ക്‌ ചൂടാന്‍ ചാത്തന്‍ ആണ് എവിടെനിന്നോ ഇലക്കീറില്‍ മൂന്നോ നാലോ വാടി കൊഴിഞ്ഞ പൂക്കള്‍ കൊണ്ട് വരാറ്.വല്യമ്മ അത് വാഴപ്പോളയില്‍ കെട്ടി ഭദ്രമായി സൂക്ഷിക്കും ....:ശാസ്ത്രത്തിനു ഇതെങ്കിലും കിട്ടിയല്ലോ :എന്ന് ആശ്വസിക്കും ..ആ കൊതി കണ്ടാണ്‌ ചാത്തന്‍ കൊട് വേലി കിഴങ്ങ് കൊണ്ടുവന്നു വാരം കിളച്ച് കുഴിച്ചിട്ടത് ...കൊടുവേലി കിഴങ്ങ് നല്ല മരുന്നാണ് ത്രെ ...ചന്തയില്‍ കൊണ്ട് പോയി വിറ്റാല്‍ നല്ല വിലയും കിട്ടും പൂക്കള്‍ തിരുവാതിരയ്ക്ക് ചൂടുകയും ചെയ്യാം ....

പച്ച പൊന്തയ്ക്കുള്ളില്‍നിന്നും തിരിനീട്ടുന്ന കടും ചുവപ്പ് പൂക്കള്‍ നല്ല ഭംഗി ഉള്ളതാണെങ്കിലും അമ്മൂന് ഒട്ടും ഇഷ്ടം തോന്നിയില്ല ..ചാത്തന്‍ നീട്ടി മുറുക്കി തുപ്പിയ പോലെ ഉണ്ടെന്നു തോന്നി ...അവിടെ നില്‍ക്കുമ്പോള്‍ ആ പൂക്കള്‍ക്ക് ഒക്കെ ചാത്തന്‍റെ പച്ച ചൂര് ഉണ്ടെന്നു തോന്നിയപ്പോള്‍ അമ്മു ഒരു മനം പിരട്ടലോടെ  ഓടി അമ്മയുടെ മടിയില്‍ കിടന്നു കാരണം ഇല്ലാതെ മിഴികള്‍ വാര്‍ത്തു ......