Saturday, April 6, 2013

കഥ


മഠത്തില്‍ ബംഗ്ലാവ്


പതിവിലും കുറച്ചു വൈകിയ തത്രപാടിലാണ് മാലതി ബസിറങ്ങി വേഗത്തില്‍ നടക്കാന്‍ തുടങ്ങിയത് . “മുന്‍പേ പറക്കുന്ന പക്ഷി കള്‍” അന്വേഷിച്ചു കോളേജ് ലൈബ്രറി യില്‍ ആ മൂങ്ങയുടെ മുഖമുള്ള ലൈബ്രറിയന്റെ മുന്നില്‍ കാത്തു നിന്നത് കൊണ്ടാണ് നേരം വൈകിയത്. .,”പുസ്തകം ആരോ കൊണ്ട് പോയി പിന്നീട് വരൂ “എന്ന് നിര്‍ജീവമായ സ്വരത്തില്‍ പറയാന്‍ തന്റെ മുന്നില്‍ പെണ്‍കുട്ടികളെ കുറെ അധികം കാത്തു നിര്ത്തിക്കുക അയാളുടെ സ്ഥിരം വിനോദമാണ്‌
നേരം അത്രയ്ക്കൊന്നും വൈകിയിട്ടില്ല എന്നാലും മാലു അങ്ങനെയാണ് അനാവശ്യ ധൃതി യോടെയെ നടക്കൂ കാണുന്നവര്‍ ഈ കുട്ടി എവിടെ യെങ്കിലും തട്ടി തടഞ്ഞു വീഴുമല്ലോ എന്റീശ്വരാ എന്ന് പറയുംന്ന പോലെ .
ഒരു പക്ഷെ ഇത്തിരി വൈകുംബോഴെയ്ക്കും" അച്ഛനും അമ്മേം ഇല്ലാത്ത ന്റെ കുട്ടികളെ കാക്കണേ ഭഗവാനെ" എന്നാ അമ്മമ്മയുടെ ആധിയോടെ യുള്ള നിലവിളി കാതില്‍ എപ്പോഴുംകേള്‍ക്കുന്ന കൊണ്ടാവും വീട്ടില്‍ എത്താനുള്ള ഈ നടത്തം ഓട്ടമാകാനുള്ള കാരണം .
നടന്നു നടന്നു അമ്പല നടയ്ക്കല്‍ എത്തി ഈ നാലുഭാഗത്തും വലിയ ഗോപുരങ്ങളോട് കൂടിയ അമ്പലത്തിന്റെ പുറകിലാണ് മാളൂന്റെ വീട് ചെരുപ്പൂരി കയ്യില്‍ പിടിച്ചു ഉള്ളില്‍ കൂടെ പോയാല്‍ കുറെ അധികം വഴി ലഭിക്കാം പക്ഷെ മാലൂനു ആ പതിവില്ല
ഗോപുരത്തിനോട് ചേര്‍ന്നുള്ള മതിലിടവഴിയില്കൂടി നടക്കുമ്പോ മാലൂനു തോന്നി പണ്ട് വായിച്ച ശിവജി കഥയിലെ കുഞ്ഞിന്റെ അടുത്ത് എത്താന്‍ മതില്‍ ഏറി ചാടിയ അമ്മയാണ് ഞാന്‍ എന്ന് . മാലൂ എപ്പോഴും അങ്ങനെ യാണ് ചുറ്റും നടക്കുന്നതും ,ചുറ്റും ഉള്ളവരെയും ഒന്നും കാണില്ല .ഓരോരോ കഥയിലെ കഥാപാത്രമായി സ്വയം മുഴുകി അങ്ങനെ നടക്കും

 മിക്കദിവസവും ഈ മതില്‍ ഇടവഴിയുടെ മൂലയ്ക്ക് എത്തുമ്പോ അതിന്റെ അപ്പുറത്തുള്ള വെടിപ്പുരയില്‍ വെടി പൊട്ടുകയും ഓര്‍മകളും കഥാപാത്രങ്ങളും ആ ശബ്ദത്തില്‍ ചിന്നി ചിതറുകയും ചെയ്യുമായിരുന്നു 
.
അമ്പലത്തിന്റെ വടക്കേ നടയ്ക്കല്‍ നാലാമത്തെ വീടാണ് മഠത്തില്‍ ബംഗ്ലാവ്
ചുറ്റുമതിലും പടിപ്പുരയും ഉള്ള ആ മൂന്നു നിലയുള്ള, മൂന്നാമത്തെ നിലയില്‍ പ്രാവുകള്‍ മാത്രം താമസിക്കുന്ന വീട്..... മാലൂനു അമ്പലം പോലെ തന്നെ പ്രിയപെട്ടതും ഓരോ ഓര്‍മ്മകളില്‍ മുഴുകി അറിയാതെ അതിനു മുന്നില്‍ കൈ കൂപ്പി പോകാരുള്ളതും ആണ് . അറിയാതെ തൊഴുതിട്ടു ആരും കണ്ടില്ലല്ലോ എന്ന് ചുറ്റും നോക്കി പോവുക പതിവാണ് ഇന്ന് എന്തായാലും ആ അമളി പറ്റരുത്‌ .......

ആ വീട്ടില്‍ ഒരൂസം നന്ദിനി ഏടത്ത്തിടെ കൂടെ  മോര് മേടിക്കാന്‍ പോയിട്ടുണ്ട് ..അന്ന് മാലൂനു പത്തോ പന്ത്രണ്ടോ വയസേ ഉണ്ടായിരുന്നുള്ളൂ ....ആ വീടിന്റെ പടികെട്ടുകള്‍ കയറിയതും പടിപ്പുര താണ്ടിയതും ഒരു അത്ഭുത ലോകത്തേക്കായിരുന്നു അതിനു മുന്‍പ് അത്തരം വലിയ  വീടു  മാളു  കണ്ടിട്ടുണ്ടായിരുന്നില്ല .പടിപ്പുരയോടു ചേര്‍ന്ന് വേറെയും ഒരു മതില്‍, തൊടിയില്‍ നിന്നും വീടിനെയും മുറ്റത്തെയും വേര്‍തിരിച്ച്ചുകൊണ്ട് .....വീടിന്റെ മുറ്റമെല്ലാം തറയോടു പതിച്ചിരുന്നു മുറ്റത്തിന്റെ നടുക്ക് എത്തിയപ്പോ മാലൂ ആദ്യമായി വായിച്ച നാലുകെട്ടിന്റെ കളം പാട്ട് മനസ്സില്‍ വന്നു അര്‍ദ്ധ നഗ്നകള്‍ ആയ കന്യകമാര്‍ പൂക്കുലയും പിടിച്ചു മുഖം മറച്ചു നിരങ്ങി നിരങ്ങി കളം മായ്ക്കാന്‍ തുടങ്ങിയതും നന്ദിനി ഏടത്തി ....ഈ കുട്ടിടെ ഒരു കാര്യം എന്ന് പറഞ്ഞ്കയ്യില്‍ പിടിച്ചു വലിച്ചു വീടിന്റെ പുരകുവശ്ത്തെയ്ക്ക് കൊണ്ട് പോയി

ഹോ അവിടെ മഞ്ഞപ്പൊടി പൂശി നില്‍ക്കുന്ന നാഗത്താന്‍ മാര്‍ കാവല്‍ നില്‍ക്കുന്ന ഒരു കാവ്. കാവില്‍ അരളിയും പവിഴമല്ലിയും പൂമെത്ത വിരിച്ചതിനിടയിലൂടെ നാഗങ്ങള്‍ ഇഴയുന്നുണ്ടാവണം........ഏടത്തി പോയ്‌ മോര് വാങ്ങു ഞാന്‍ കുറച്ചു നേരം ഇവിടെ നിലക്ക്ട്ടെ എന്നാ അഭ്യര്‍ത്ഥന എന്തോ എടത്തി സമ്മതിച്ചു .ഇഷ്ടംപോലെ പെറുക്കി കൂട്ടിയ പൂക്കള്‍ പാവാടയില്‍ ശേഖരിച്ചു ഏടത്തിയുടെ കയ്യും പിടിച്ചു നടന്നതും അവരുടെ വീടിന്റെ മുന്നില്‍ എത്തിയതും ആരോ പുറത്ത് വന്നപ്പോ ഏടത്തി കൈ പിടിച്ചു വലിച്ചതും ആ മുറ്റമാകെ പല്നിരങ്ങളിലുള്ള പൂക്കള്‍ ചിതറിയതും ,രണ്ടുപേരും ഓടിയതും മോരിന്റെ മണമുള്ള വിരലുകള്‍ കൊണ്ട് ഏടത്തി മാളൂന്റെ കവിളില്‍ അമര്‍ത്തി നുള്ളിയതും ഇന്നലെ എന്ന പോലെ തോന്നി......

നന്ദിനി ഏടത്തീടെ വിവാഹം കൂടി കഴിഞ്ഞപ്പോ, അമ്മമ്മയും, ദിവസത്തില്‍ ഒരിക്കല്‍ മാത്രം  വന്നു കാര്യങ്ങള്‍ അന്വേഷിച്ചു തിര്ച്ചുപോകുന്ന്ന അമ്മാമനും ഉള്ള വീട്ടില്‍ മാലൂ പുസ്തകങ്ങളുടെ ലോകത്തേക്ക് തനിയെ പോയി 
.
ഏടത്തി വിവാഹ തലേന്ന് “മോളെങ്കിലുംനന്നായി പഠിക്കണം ഇല്ലെങ്കില്‍ ഏടത്തിയെ പോലെ വേഗം ഈ നാട് വിട്ടു പോകേണ്ടി വരും” എന്ന് പറഞ്ഞപ്പോ എന്തിനാണാവോ കണ്ണില്‍ വെള്ളം നിറച്ചത് ? പിന്നീട് ഏടത്ത്തിടെ ചന്ദനനിരത്ത്തില്‍ ചുവന്ന കരയുള്ള കല്യാണ സാരിയും ,മുല്ലപൂക്കളും പാലക്കമാലയും ,കല്യാണശേഷം അതുവരെ കണ്ടിട്ടില്ലാത്ത ഏടത്തിയുടെ മുഖത്തിന്റെ തിളക്കവും ,ഏടത്തിടെം,എട്ടന്റെം കൂടെ സിനിമക്ക് പോയപ്പോ പടം കൂടെ ശരിക്ക് ശ്രദ്ധിക്കാന്‍ പറ്റാതെ മാലൂനെഅതിശയിപ്പിച്ച അവരുടെ അടക്കം പറച്ചിലും കണ്ടപ്പോ സത്യായും മാലൂ ഈ പഠിപ്പ് അങ്ങട് അവസാനിപ്പിച്ചാലോ എന്ന് വിചാരിച്ചതാണ് 

പിന്നെയും നാളുകള്‍ കഴിഞ്ഞപ്പോ ഇടയ്ക്കൊക്കെ ഏടത്തി തെളിച്ചമില്ലാത്ത മുഖവുമായി കുഞ്ഞിനേം കൊണ്ട് തനിയെ പടി കടന്നു വരികയും കുഞ്ഞിനെ അമ്മമ്മയുടെ അടുത്ത് ഇരുത്തി ഒന്നും മിണ്ടാതെ അടുക്കളയില്‍ കയറി അരച്ചുകലക്കി കടുക് വറക്കുകയോ പപ്പടം കാച്ചുകയോ ചെയ്യുംന്നതും .സ്വതവേ കുനിഞ്ഞ അമ്മമ്മ കുറെ കൂടി കുനിഞ്ഞു   ഇരുന്നു കണ്ണീരു കൂട്ടി വിളക്കിലെ തിരി തെരുക്കുകയും .....രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ഏടത്ത്തിടെ ഏട്ടന്‍ ബി ഡി യും പുകച്ചുകൊണ്ട് വടക്കേ തൊടിയിലെ പ്ലാവിന്റെ കാതല് പരിശോധിക്കുന്ന ഭാവത്തില്‍ നില്‍ക്കുകയും ഏടത്തി ഒരു യാത്രകൂടെ പറയാതെ ആ കൂടെ പോകുന്നതും മാലൂനു എത്ര വായിച്ചിട്ടും മനസിലാകാത്ത ഖസാക്കിന്റെ ഇതിഹാസം പോലെ ആയിരുന്നു

ചിന്തകള്‍ കാട് കയറി മാലൂ മഠത്തില്‍ പടിപ്പുര മുന്നില്‍ എത്തി പതിവ് പോലെ ഇന്നും പടിപ്പുര അടഞ്ഞു കിടക്കുന്നു.. ആ വീടിനു വാഹനങ്ങള്‍ മുറ്റത്തോളം എത്തുന്ന വേറെ ഒരു ഗേറ്റ് ഉള്ളതുകൊണ്ട് ആ പടിപ്പുര അധികം തുറന്നു കാണാറില്ല .പടിപ്പുര യുടെ തൊട്ടടുത്ത്‌ എത്തിയതും അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ ആ കതകുകള്‍ തുറന്നതും മാലൂ കണ്ണടച്ച് അറിയാതെ തൊഴുതു പോയതും ഒന്നിച്ചായിരുന്നു
ജാള്യത്തോടെ കണ്ണ് തുറന്നപ്പോ അന്തം വിട്ടു ചിരിച്ചുകൊണ്ട് ഒരു യുവാവ് മുന്നില്‍ “എന്തിനാണ് ഇയാള്‍ എന്നെ തൊഴു ന്നത് ?”  മാലൂ നിഷ്കളങ്കമായി പറഞ്ഞു “ ഇല്ലല്ലോ ഞാന്‍ വീടിനെ അല്ലേ തൊഴുതത്? ആരാണ് ആ നേരത്ത് കതകു തുറക്കാന്‍ പറഞ്ഞത് ?”
“ഹ ഇതാണ് ഇപ്പൊ നന്നായത് താന്‍ എന്തിനാണ് ഞങ്ങടെ വീട് നോക്കി തൊഴുന്നത്  തനിക്കു തൊഴാന്‍ അവിടെ അമ്പലം ഇല്ലേ ?”
“അത് ഞാന്‍ ഓരോരോ ഓര്‍മയില്‍ ചെയ്യുന്നത് അല്ലേ  വേണം ന്നു  അല്ലല്ലോ”
“ഹോ ഇത്രയ്ക്ക് ഓര്‍മ കുറവിന് എന്താണ് ആവോ ആ തലയില്‍ “  ആ യുവാവിന്റെ സംസാരം മാലൂനു വളരെ ഇഷ്ടപെട്ടെങ്കിലും .ആര്‍ക്കും ഒരു കളി തമാശ പോലും പറയാന്‍ തോന്നിക്കാത്ത ഗൌരവം മുഖത്ത്  നിറച്ചു അവള്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി ......എന്താണ് പേര് എന്നാ അയാളുടെ ചോദ്യം അവഗണിച്ചു അവള്‍ നടക്കുമ്പോഴും അവളുടെ മനസ് അവളുടെ കൈ വിരലുകളെ നുള്ളി വേര്‍പെടുത്തി ആ പടിപ്പുര ഓടികയറി പവിഴമല്ലി പൂക്കള്‍  .പെറുക്കി ഇലചീന്തിലാക്കി നാണ ത്തോടെ അയാള്‍ക്ക്‌ നേരെ നീട്ടുകയായിരുന്നു

3 comments:

 1. കഥ തീര്‍ന്നോ...??
  പാതിയില്‍ നിന്നുപോയതുപോലെ ഒരു ഫീല്‍

  ReplyDelete
 2. അത്രയ്ക്കെ ഉള്ളൂ :(

  ReplyDelete
 3. കഥ കൊള്ളാം പക്ഷെ അക്ഷരങ്ങളും മറ്റും അല്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒരു ഒഴുക്കോടെ വായിക്കാമായിരുന്നു..

  ReplyDelete