Monday, July 14, 2014

കുറാലി

കുറാലികുറുകാലിയുടെ കാലുകള്‍ കുറിയത് തന്നെ ആയിരുന്നു അപ്പൊ അറിഞ്ഞിട്ട പേര് തന്നെ ..വളരെയധികം പൊക്കം കുറഞ്ഞ കുറുകാലി ഞങ്ങടെ യൊക്കെ കുറാലി.. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് പാടത്തിന്‍ കരയിലുള്ള ആ ചെറിയ കുടിലില്‍ തനിയെ പിറുപിറുത്തും ഉച്ചത്തില്‍ പാട്ട് പാടിയും കുറാലി ജീവിച്ചു .കുറാലി യെ കൊണ്ട് നാട്ടുകാര്‍ക്ക് ഉണ്ടായിരുന്ന ഏക ഉപകാരം എല്ലാ തൊടികളിലും കയറി കടിത്തുമ്പ പറയ്ക്കും എന്നതാണ് ..എന്തിനാണ് എന്ന് ചോദിച്ചാല്‍.... അതൊക്കെ പറിച്ച് ചന്തയില്‍ മരുന്ന് കടയില്‍ കൊണ്ട് പോയി വില്‍ക്കാനാണ് ..എന്നാല്‍ ആ കൂട്ടത്തില്‍ കീഴാര്‍നെല്ലിയോ കുറുംതോട്ടിയോ പറിച്ചു കൂടെ? അതും മരുന്നല്ലേ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല... കുറാലി കടിത്തുമ്പ മാത്രേ പറിക്കാറുള്ളൂ ..എല്ലാ ചന്ത ദിവസങ്ങളിലും വേരോടെ പറിച്ചതുമ്പയുമായി കുറാലി വെളുപ്പിനെ തന്നെ ചന്തയ്ക്കു നടക്കും ....തിരിച്ചു വരുമ്പോള്‍ ഒരു പൊതി വാസന ചുണ്ണാമ്പും കൊണ്ട് വരും ..കുറാലിക്ക് ഭര്‍ത്താവോ മക്കളോ ഇല്ല ..സ്വന്തക്കാരോ ബന്ധുക്കളോ ഉണ്ടോ എന്നറിയില്ല പക്ഷെ ആരെയും കാണാറില്ല ...അവരുടെ കൂട്ടക്കാരോക്കെ കുറച്ചകലെ ആണ് താമസം ..കുറാലി ആകെ സംസാരിക്കുന്നതു എന്‍റെ അമ്മമ്മയോടു മാത്രം ആണ് ...ദിവസവും ഭക്ഷണം കഴിക്കുന്നതും വെറ്റില മുറുക്കുന്നതും വെള്ളം കൊണ്ട് പോകുന്നതും എല്ലാം അമ്മമ്മയുടെ അടുത്ത് നിന്നാണ്.. അമ്മമ്മയുടെ മുണ്ടുകള്‍ ആണ് കുറാലി മാറിനു കുറുകെ കൂടി ചുറ്റി കഴുത്തിന്‌ പുറകില്‍ കെട്ടി ഉടുത്തിരുന്നത് ...

എല്ലാവരും പറയുന്നത് കുറാലിയ്ക്ക് മന്ത്രവാദം ഉണ്ടെന്നാണ്. അതുകൊണ്ടാണ് ത്രെ ഭര്‍ത്താവും കൂട്ടക്കാരും ഇട്ടിട്ടു പോയത്. ..അമ്മമ്മയോടു ചോദിച്ചാല്‍ മുറുക്കാന്‍ ചിറിയിലൂടെ ഒലി പ്പിച്ചു കൊണ്ട് ചിരിക്കും .പിന്നെ അത് കൈ കൊണ്ട് തുടച്ച് മുറുക്കാന്‍ ഒഴുകാതെ താടി ഉയര്‍ത്തി പിടിച്ച് പറയും." അതിനു അതുണ്ടോ സ്കൂളില്‍ പോയെക്കുനു? മന്ത്രവാദം പഠിക്കണമെങ്കില്‍ എഴുത്തും വായനയും അറിയണ്ടേ ? ആളുകള്‍ വെറുതെ പറയുന്നതാ"" എന്ന് .....അമ്മമ്മ യ്ക്ക് അറിയാതെ ആണ്.. മന്ത്രവാദം പഠിക്കണേല്‍ സ്കൂളില്‍ ഒന്നും പോകണ്ട അതിനു മുഖം ദേഷ്യത്തില്‍ പിടിച്ച്.. പിറു പിറു ന്നെനെ പിറു പിറു ത്താല്‍ മതി ...കുറാലി ക്ക് മന്ത്രവാദം ഉണ്ട്...കുറാലിയുടെ കുടിലിന്റെ അടുത്ത് വലിയ ഒരു കാട്ടു മരം ഉണ്ട് രാത്രി യില്‍ അത് നിറയെ കട വാവല്‍ ആണ് ..ആ മരം ആണെങ്കില്‍ ശരിക്കും ഒരു വലിയ പിശാശിന്റെ രൂപം ആണ് ആകാശത്തോളം വളര്‍ന്നു ജഡ പിടിച്ച് അതിന്‍റെ ചോട്ടില്‍ നില്ക്കാന്‍ പകല്‍ കൂടെ ഭയ പ്പെടും, ആ മരത്തിന്‍റെ ചോട്ടില്‍ ആണ് കുറാലിയുടെ മന്ത്രവാദം.. പലരും കണ്ടിട്ടുണ്ട് ആ മരത്തിന്‍റെ ചോട്ടില്‍ കുറാലി മന്ത്രം ചൊല്ലുന്നതും എന്തൊക്കെയോ വലിച്ചു എറിയുന്നതും .

അല്ലെങ്കിലും അമ്മമ്മയ്ക്ക് നാല് ക്ലാസ് പഠിച്ചതിന്റെ ഇത്തിരി അഹങ്കാരം ഉണ്ട് ..അമ്മമ്മയുടെ പ്രായത്തില്‍ ഉള്ളവരില്‍ അമ്മമ്മ്യ്ക്കെ പത്രം വായിക്കുന്ന ശീലം ഉള്ളു എന്നും ..അമ്മമ്മ പഠിക്കുന്ന സമയത്ത് ഒരു പദ്യം ചൊല്ലിയപ്പോ ആ ഹാളില്‍ ഉണ്ടായിരുന്ന എല്ലാവരും ശ്വാസം  അടക്കി പിടിച്ചു നിന്നു എന്നും, ഒരു പൂഴി വീണാല്‍ പോലും അറിയുന്ന നിശബ്ധത ആയിരുന്നു എന്നൊക്കെ ഇടയ്ക്കിടെ പറയും. മിക്കവാറും അത് ഞാന്‍ വല്ലാത്തകഷ്ടം പിടിച്ച പദ്യം പഠിക്കുന്ന അവസരങ്ങളില്‍ ...."അടിവെച്ചടിവെച്ചകമേറി " എന്നതിന് പകരം .."അമ കേറി " എന്നോ " വിരുതന്മാര്‍ ചിലരവിടെ ഒളിച്ചു "എന്നതിന് "ചിരുതന്മാര്‍ വിരലവിടെ ഒളിച്ചു "എന്നൊക്കെ തെറ്റിച്ചു പാടുമ്പോള്‍ ആയിരിക്കും എന്നത് കൊണ്ട് അമ്മമ്മയുടെ ഈ പൊങ്ങച്ചം എനിക്ക് തീരെ ഇഷ്ടപെട്ടിരുന്നില്ല ..

.അമ്മമ്മ പറയും,, അമ്മമ്മയുടെ ചേച്ചി വായിക്കാന്‍ പഠിച്ചിട്ടില്ലത്രേ ..അപ്പൊ അമ്മമ പത്രം വായിക്കുമ്പോള്‍ "രാജീവ് ഗാന്ധി ഗുരുവായൂരില്‍" എന്നാ തലകെട്ടോടെ ഇട്ട സുന്ദരനായ രാജീവ് ഗാന്ധിയുടെ ഫോട്ടോ കണ്ട് പറയുന്നു പോലും എന്തൊരു യോഗ്യന്‍!  ഇത്രേ ചെറുപ്പത്തിലെ മരിച്ചു പോയല്ലോ ?എന്ന് ....ഇതും പറഞ്ഞ്, അമ്മമ്മ മുറുക്കാന്‍ ഒലിക്കുന്ന വരെയും ചിരിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും കാരണം ആ വല്യ അമ്മുമ്മ ഞങ്ങളുടെ ഒക്കെ പ്രിയപെട്ടവള്‍ ആണ് ....വര്‍ഷത്തില്‍ ഏഴും എട്ടും തവണ കഠിനമായ പനി വന്നു കൊണ്ടിരുന്ന ഞാന്‍ പനി ഇല്ലാത്തപ്പോഴും ആ ശ്രദ്ധയും വാത്സല്യവും കിട്ടാനും സ്കൂളില്‍ പോകാതെ ഇരിക്കാനും പനി അഭിനയിച്ചു കിടന്നാല്‍ എന്‍റെ അമ്മമ്മ ആ ചുക്കി ചുളിഞ്ഞ കൈ കൊണ്ട് മേലൊക്കെ പരതി..എവിടെ മേലൊക്കെ ചെപ്പോടത്തിന്റെ മൂട് പോലെ ഇരിക്കുന്നു എന്ന് പറയും ....ചെപ്പോടം എന്ന് പറയുന്നത് വെള്ളം പിടിച്ചു വെക്കുന്ന ചെമ്പുകുടം ആണ് അതിന്‍റെ അടിയിലത്തെ തണുപ്പാണത്രെ എന്‍റെ ദേഹത്തിന്...ഒരു പനിയും ഇല്ല അഭിനയമാണ് എന്ന് സാരം ...പക്ഷെ അടുത്ത റൌണ്ട് ഈ വല്യ അമ്മുമ്മ തൊട്ടു നോക്കിയാല്‍ പറയും ഹേയ് ഇത്തിരിശെ മേക്കാച്ചില്‍ ഉണ്ട് ..സാവൂ ഇന്ന് കുട്ട്യേ പറഞ്ഞയക്കണ്ട ട്ടോ എന്ന് ...അതുകൊണ്ട് എനിക്ക് ആ അമ്മുമ്മയോടു കൂടുതല്‍ സ്നേഹം ഉണ്ടായിരുന്നു ..പിന്നെ നല്ല ഓട്ടട ഉണ്ടാക്കാനും അറിയാം വല്യ അമ്മുമ്മയ്ക്ക് ..എന്‍റെ അമ്മമ്മ യ്ക്ക് പലഹാരം ഒന്നും ഉണ്ടാക്കാന്‍ അത്രയ്ക്ക് വശമില്ല ...

അമ്മ പറയുന്നത്അമ്മ കാണുന്ന പ്രായത്തിലേ കുറാലി ഇങ്ങനെ ഒക്കെ തന്നെ ആണെന്നാണ്‌ ..കറുത്തുരുണ്ട് കുറിയ രൂപം. ഇതേ പ്രകൃതം ..പിറു പിറു ക്കലും .,ചിലപ്പോള്‍ ഉള്ള പാട്ടും അല്ലാതെ ആരോടും സംസാരിക്കാറില്ല ..എപ്പോഴും മുഷിഞ്ഞു ഇരുണ്ട തുണി ...അമ്മമ്മ കുറാലി ക്ക് കൊടുക്കുന്നത് കോടിയോ അല്ലെങ്കില്‍ വെളുത്തേട ത്തി പുഴുങ്ങി അലക്കി നീലം മുക്കിയതോ ആയ മുണ്ടാണ് ...പക്ഷെ ഒരിക്കലും ഒരു വെളുത്ത തുണി ഉടുത്ത കുറാലി യെ ആരും കണ്ടിട്ടുണ്ടാവില്ല ..അമ്മമ്മ ചോദിക്കാറും ഉണ്ട് .."എന്‍റെ കുറാ ല്യെ, നീയ്യ്‌ ആ മുണ്ട് മണ്ണില്‍ ഇട്ടു പെരട്ടിയാണോ ഉടുക്കുന്നത് ?.. ഞാന്‍ ഇന്നലെ പറഞ്ഞില്ലേ കുറാലി ആകെ കൂടെ സംസാരിക്കുന്നതു അമ്മമ്മ യുടെ കൂടെ ആണെന്ന് ...അതിങ്ങനെ ആണ് അമ്മമ്മ കിഴക്കേപുറത്തെ ഇറയത്ത്‌ കാലും നീട്ടി തൂണും ചാരി ഇരിക്കും (വീടിന്‍റെ ഉമ്മറം പടിഞ്ഞാട്ടാണ് )നെല്ലിടാന്‍ കളം മെഴുകിയ മുറ്റത്തിനോട് ചേര്‍ന്നുള്ള  കൂവളമരത്തിന്റെ ചോട്ടില്‍ മരം ചാരി കാല്‍ അകത്തി നീട്ടി കുറാലി ഇരിക്കും .എണ്ണ തേയ്ക്കാത്ത പാറി പറന്ന ചുരുളന്‍ തോള റ്റം ഉള്ള തലമുടി അഴിച്ചി ട്ടിരിക്കും ..അമ്മമ്മ പറയും അത് വെഞ്ചാമരം ആണ് എന്ന് ഞാന്‍ ചോദിക്കും അപ്പൊ വെഞ്ചാമരം വെളുത്തിട്ടല്ലേ എന്ന് ..അപ്പൊ ഒരു സ്വോര്യക്കേടോടെ, മടക്കി ചുരുട്ടിയ വെറ്റിലയും അടയ്ക്കയും വായില്‍ വെച്ച് ചൂണ്ടാണി വിരലിലെ ചുണ്ണാമ്പ് പല്ലില്‍ തേച്ച്അമ്മമ്മ  പറയും .."എന്നാല്‍ കറുത്ത വെഞ്ചാമര എന്ന് " എന്നിട്ട് ചിരിക്കും ..

വീടിന്‍റെ കിഴക്കേ പുറത്താണ് വീട്ടിലെ മിക്ക സംഭാഷണങ്ങളും തീരുമാനങ്ങളും തമാശകളും സങ്കടങ്ങളും ഒക്കെ പൊതി യഴിക്കുന്നത്‌..കിഴക്കേ പുറം ചാഞ്ഞു ചാഞ്ഞ് ആണ് നല്‍ക്കുന്നത് ..അമ്മമ പറയുന്നത് തള്ള പുരയില്‍ നിന്നും നീട്ടി നീട്ടി യാണ്  ഈ വീട് നിലം തൊടാറായി പോയത് എന്ന് ...ഒരിക്കല്‍ ഒരു തമാശ ഉണ്ടായി ..കിഴക്കേ പുറത്തെ മുറ്റത്താണ് ഭഗവതി പറയ്ക്ക് അണിഞ്ഞിരുന്നത് ആക്കൊല്ലം ഒരു പുതിയ വെളിച്ചപ്പാട് ആയിരുന്നു .നല്ല വെളുത്ത മുടിയും വലിയ നെറ്റിയുംനല്ല ഉയരവും ഉള്ള നല്ല വെള്ച്ചപ്പാട് ...പറയ്ക്ക് തുള്ളി കഴിഞ്ഞാല്‍ അരിയും പൂവുംഎറിയാന്‍ വെളിച്ചപ്പാടും  പിന്നില്‍ ഒരു ശിങ്കിടി ഇലയില്‍ അരിയുമായി വീടിന്‍റെ അകത്തു കൂടി ഉമ്മറത്തെയ്ക്ക് ഓടും ...അന്ന് .."ഈയോ ....എന്നും പറഞ്ഞ്കുനിഞ്ഞ് നടക്കല്ലു കയറിയ വെളിച്ചപ്പാട് ഹെന്റമ്മേ ...എന്നും പറഞ്ഞ് തിരിച്ചിറങ്ങി കാരണം കുനിഞ്ഞ വെളിച്ചപ്പപ്ട് നിവര്‍ന്നത് കൃത്യം ഇറയത്തിന്‍റെ തിട്ടത്തില്‍ തല ഇടിച്ചും കൊണ്ടാണ് ....വിശാലമായ നെറ്റിയില്‍ ചെറുനാരങ്ങ വലുപ്പത്തില്‍ ഒരു മുഴ ...പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരിക്കലും എത്ര കലി കയറിയാലും വെളിച്ചപ്പാട് അകത്തേയ്ക്ക് ഓടാറില്ല .....

അപ്പൊ അമ്മമ്മയും കുറാലിയും സംസാരിച്ചു കൊണ്ടിരിക്കും ...സത്യത്തില്‍ കുറാലി ഒന്നും മിണ്ടില്ല .അമ്മ മ്മയാണ് സംസാരിക്കുക അമ്മമ്മ ഉറക്കെയും പതുക്കെയുംചിരിച്ചും നെടുവീര്‍പ്പിട്ടും കഥകള്‍ തുടരും മിക്കവാറും അമ്മമ്മ യുടെ അച്ഛന്റെ കാലത്തുള്ള പ്രതാപങ്ങള്‍ ആയിരിക്കും .... കുറാലി കറുത്ത വെഞ്ചാമരം വിടര്തിയിട്ടും പേന്‍ എടുത്തു മുട്ടിയും അങ്ങനെ ഇരിക്കും ..ഇവര്‍ രണ്ടു പേരും പൊതുവായി ചെയ്യുന്നത് മുറുക്കല്‍ എന്ന പണിയാണ് രണ്ടാളും കൂടെ ഒരു കെട്ടു വെറ്റില ഒറ്റ ഇരുപ്പിന് തീര്‍ക്കും എന്നിട്ട് ...എത്ര ദിവസമായി ഒന്ന്മുറുക്കിയിട്ട് ..വായ പച്ചെ ള്ളം( പച്ച വെള്ളം ) ചോയ്ച്ചിട്ടു വയ്യ എന്റ്റെ അമ്മു ആ മനക്കല്‍ പോയിട്ട് രണ്ടു വെറ്റില കൊണ്ട ര്വോ എന്ന് ചോദിക്കും ...അവനവന്‍റെ പറമ്പിലും ഉണ്ട് ഒരു വെറ്റില കൊടി അത് ഒരില കിളുര്‍ക്കാന്‍ വിടില്ല അമ്മമ്മയും കുറാലിയും വരുന്ന തളിരേ പറിച്ചു മുറുക്കും എന്നിട്ട് ഒരു പറച്ചിലും നമ്മടെ പറമ്പില് വെറ്റില കൊടി വളരില്ല തീരെ വര്‍ക്കത്തില്ല എന്ന് .......സംസാരിച്ചു കൊണ്ടിരിക്കെ അമ്മമ്മ പെട്ടെന്ന് വെറ്റില താംബാലവും എടുത്ത് ഒരു നടത്തയാണ് ..കുറാലി രണ്ടു കയ്യും നിലത്തു കുത്തി മൂടുയര്ത്തി എഴുന്നേറ്റ് തന്‍റെ കുടിലിലേയ്ക്കും  നടക്കും

കുറാലി യ്ക്ക് ഭക്ഷണം ഞങ്ങളുടെ വീട്ടില്‍ നിന്നാണ് ...കുറാലി,കുറാലി യുടെ അച്ഛന്റെ കാലത്ത് ഞങ്ങളുടെ തൊട്ട് അടുത്ത പൊതുവാള്‍മഠത്തില്‍ വന്നു പെട്ടതാണ്. അച്ഛന്‍ മരിച്ചു ഇടയില്‍ കല്യാണം കഴിച്ച ആള്‍ ഇട്ടിട്ട് പോയ്‌ പൊതുവാള്‍ മഠംവിറ്റും പോയി. അവിടെ നിന്നും കിട്ടിയ അഞ്ചു സെന്ററില്‍ ആണ് ഒരു കുടില്‍ .ആദ്യമൊക്കെ മുറ്റത്ത്‌ ഒരു കുഴി കുത്തി അതില്‍ ഇല ഇട്ടാണ് ത്രെ ഭക്ഷണം കൊടുത്തിരുന്നത് ..കുറാലി യ്ക്ക് ഓണത്തിന് മാവേലിക്ക് നേദിക്കുന്ന മധുരം വെച്ച അട നല്ല ഇഷ്ടം ആയിരുന്നു ..ഉമ്മറത്ത്‌ മാവേലിക്ക് നേദിക്കുമ്പോള്‍ അമ്മ പറയും മാവേലി കിഴക്കേ പുറത്തു നില്‍ക്കുന്നുണ്ട് അവിടെ കൊണ്ട് പോയ്‌ കൊടുക്ക്‌ ആദ്യം എന്ന് ....വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ ചോറ്റാനിക്കര തൊഴാന്‍ നേരത്തെ പോകുമ്പോള്‍ അമ്മമ്മ കുറാലി ക്ക് ഉള്ള ഭക്ഷണം ഒരു സഞ്ചിയില്‍ അയയില്‍ കെട്ടി തൂക്കി ഇടും ..പൂച്ചയും പട്ടിയും തോടതിരിക്കാന്‍ ആണ് അത് ..ഒരിക്കല്‍ അമ്മ തന്ന ഇഡ്ഡലി കഴിക്കാന്‍ വയ്യാതെ ഞാന്‍ ഇത്തിരി കടിച്ച ഇഡ്ഡലി ആ സഞ്ചിയില്‍ ഇട്ടു ..അതിനു അമ്മമ്മ ഒരുപാട് വഴക്ക് പറഞ്ഞു ..ഒരാളുടെ എച്ചില്‍ മറ്റുള്ള വര്‍ക്ക് കൊടുക്കരുത് എന്ന് ..പശൂന്‍റെ വെള്ളത്തിലും എച്ചില്‍ ഇ ടാന്‍ സമ്മതിക്കാറില്ല ...ആകെ മൊത്തം നമ്മുടെ ബാക്കി അല്ല നമ്മുടെ ഒരു പങ്കു ആണ് മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടത് എന്ന നല്ല പാഠം വീട്ടില്‍ നിന്നും ഞങ്ങള്‍ പഠിച്ചിരുന്നു ...കുറാലി ക്ക് കുറെ കൂടി പ്രായം ആയപ്പോള്‍ ഞാന്‍ ആയിരുന്നു അവിടെ ആ കുടിലില്‍ ഭക്ഷണം കൊണ്ട് പോയ്‌ കൊടുത്തിരുന്നത് ..കുറാലിയുടെ അവസാന കാലം എന്‍റെ അമ്മമ്മ കുറാലിയുടെ പടി കടന്നു ചെന്ന് രാവും പകലും നമശിവായ : പറഞ്ഞ് ആ മുറ്റത്തിരുന്ന ചിത്രം എന്‍റെ മനസ്സില്‍ ഉണ്ട് ..

കുറാലി മന്ത്രവാദം ചെയ്യും എന്ന് പറഞ്ഞിട്ട് നിങ്ങള്‍ വിശ്വസിച്ചില്ലല്ലോ.. കുറാലി രാത്രികളില്‍ വീടിന്‍റെ മൂലയ്ക്കല്‍ ഉള്ള ആ വലിയ ജഡ പിടിച്ചു തൂങ്ങുന്ന മരത്തിന്‍റെ ചോട്ടില്‍ വന്നു നില്‍ക്കുന്നതും മന്ത്രം ചൊല്ലുന്നതും പ്രേതങ്ങളെ ഒക്കെ ശപിച്ച് കടവാവലുകള്‍ ആക്കി മാറ്റുന്നതും പലരും കണ്ടിട്ടുണ്ട് ത്രെ ...അമ്മമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ "കുറെ തലേമേ തല തെറിച്ച പിള്ളേര്‍ " തല തെറിച്ച പിള്ളേര്‍എന്നതിനെ കുറച്ചും കൂടി ബലപെടുത്താന്‍ ആകും അങ്ങനെ പറയുന്നത് .... അവന്മാര്‍ ഒക്കെ ഒരുഅര്‍ദ്ധ രാത്രി കുറാലിയുടെ പറമ്പിന്റെ മൂലയ്ക്കല്‍ ഒളിച്ചു നിന്നു ..അര്‍ദ്ധരത്രിയോടടുത്ത്തതും ഈ പാറാട കളും മറ്റ് രാത്രി ജീവികളും പ്രേതങ്ങളെ പോലെ ആ മരത്തില്‍ ബഹളം വെയ്ക്കാന്‍ തുടങ്ങി  അപ്പോഴതാ കുറാലി പിറു പിറുത്തും കൊണ്ട് വരവായി ഉറക്കെ പ്രാകി കൊണ്ട് മണ്ണ് വാരി വീക്കലും പിന്നീട് തന്‍റെ മേലെകൂടി പായുന്ന കടവാവലുകളെ ആട്ടി... പൊട്ടി കരഞ്ഞ് മണ്ണില്‍ കിടന്നുരുളലും ഒക്കെ ചെയ്യുന്നു.. പിന്നീടു എന്തോ ഓര്‍മ്മ പോലെ ആണ് ഉള്ളില്‍ പോയ്‌ മന്ത്രവദം ചെയ്ത്‌ ഒരില പൊതിയില്‍ എന്തോ പൊതിഞ്ഞ് വാറവള്ളി കൊണ്ട് കെട്ടി നൂല്‍ബന്ധമില്ലാതെ പുറത്തു വന്ന് മരത്തിനു മേലേയ്ക്ക്   പിറു പിറുത്തും കൊണ്ട് വന്ന് ഒറ്റ വീക്ക്  വീക്കിയത് ......പിന്നീട് അവിടെ ഒന്നും ഒരനക്കവും കേട്ടില്ല കുറാലി ഉള്ളില്‍ പോയ്‌ സുഖമായ് ഉറങ്ങി ....( പൊതി അഴിച്ചു നോക്കാന്‍ ധയിര്യം കാണിച്ച തലേമേ തല തെറിച്ചവര്‍ ചര്‍ദ്ദിച്ചു    അവശരായി..   ത്രെ ..(അമേന്‍ സിനിമ ഓര്‍ക്കുക )

Monday, September 9, 2013

കവിതകള്‍

ഓര്‍ക്കേണ്ടതായിരുന്നു 

പ്രണയത്തിന്റെ പാരമ്യത്തിലും 
പകല്‍ മാന്യതയ്ക്ക് വേണ്ടി 
അവളെ ഉപേക്ഷിക്കുമ്പോള്‍ 
നീ ഓര്‍ക്കണമായിരുന്നു 
നിന്‍റെ യാഗാശ്വത്തെ പിടിച്ചുകെട്ടാനുള്ള 
ബലം അവള്‍ എന്നെങ്കിലും നേടുമെന്ന് 

സ്വന്തമാക്കിയവളെ പങ്കുവെയ്ക്കപ്പെടുമ്പോള്‍ 
മൌനം നുണഞ്ഞു കൊണ്ടിരുന്ന
നീ ഓര്‍ക്കേണ്ടതായിരുന്നു
നിന്‍റെ ഇഷ്ടജനങ്ങള്‍ക്കെതിരെ
ആയുധമെടുപ്പിക്കാന്‍ പോന്ന ഒരു മൌനം
അവളുംനുണയുന്നുണ്ടെന്ന്

നിന്‍റെ കഴിവുകേടുകള്‍ മറച്ചു കൊണ്ട്
അവളെ കൂടെ കൊണ്ട് നടക്കുമ്പോള്‍
നീ ഓര്‍ക്കണമായിരുന്നു
തരം കിട്ടിയാല്‍ വരം പ്രയോഗിക്കാനുള്ള ത്വര
അവള്‍ക്കുള്ളില്‍ തന്നെയുണ്ടെന്ന്

ആളി പടര്‍ന്ന കാമത്തിന്‍ ജ്വാലകള്‍
വാണിജ്യത്തെരുവില്‍ പോയ്‌
അണയ്ക്കുമ്പോള്‍
നീ ഓര്‍ക്കണമായിരുന്നു
നിനക്കുവേണ്ടി ഒരു നഗരത്തെക്കൂടി
എരിക്കാന്‍ പോന്നവള്‍ വീട്ടിലുണ്ടെന്ന്

Friday, August 30, 2013

കഥ

കൊടുവേലിപ്പൂക്കള്‍ 

പുറത്തെ വലിയ അടുപ്പില്‍ ചാത്തന്‍റെ കാളി നെല്ല് പുഴുങ്ങുന്നതും നോക്കി ഇരിക്കുക യായിരുന്നു അമ്മു .തിരുവാതിരമാസത്തിന്‍റെ കുളിരും നേരത്തെ യുള്ള കുളിയും കാരണം ഒരു  വിറയലും കൊണ്ട് തീയിന്‍റെ ചൂടേറ്റു ഇരിക്കാന്‍ നല്ല സുഖം .

തിരുവാതിരയോടടുത്ത് കാര്‍ത്തിക തൊട്ടേ കാക്ക ഉണരുന്നതിനു മുന്‍പേ കുളിക്കണം എന്നാണ് വല്യമ്മ യുടെ ചിട്ട .വല്യമ്മയ്ക്ക് എല്ലാ അനുഷ്ടാനങ്ങളും നിര്‍ബന്തമാണ് .അമ്മൂന്റെമ്മയ്ക്ക് അങ്ങനെയൊന്നുമില്ല വേണേല്‍ ആകാം വേണ്ടേല്‍ വേണ്ട എന്ന  സാ മട്ട് 
എല്ലാ കാര്യത്തിനും അങ്ങനെ തന്നെ...... കമിഴ്ന്നു കിടന്നു പുസ്തകം വായിക്കുന്നതാണ് ഇഷ്ട വിനോദം .

 ഹോ എന്ത് രസമാണിങ്ങനെ തീ കത്തുന്നതും നോക്കി ഇരിക്കാന്‍, ..തീയിന്‍റെ ഭംഗി എത്ര കണ്ടാലും മതിയാകില്ല ...അമ്മുന്റെ . അമ്മ പറയുന്നത്  കണ്ടാല്‍  ജ്വലി ക്കുന്ന തൊട്ടാല്‍ പൊള്ളുന്ന ഭംഗി  വേണം ത്രെ പെണ്‍കുട്ടികള്‍ക്ക് ... അമ്മു വലുതാകുമ്പോ ഇത് പോലെ തീ പോലത്തെ ഭംഗി ഉണ്ടാകണം ...അതിനു എന്താണാവോ ചെയ്യേണ്ടത് വല്യമ്മയ്ക്ക് അറിയുന്നുണ്ടാവും ..അമ്മോട് എന്ത് ചോദിച്ചാലും ചിരിക്കുകയെ  ഉള്ളൂ ...

കാളി ഒരു പാവ പോലെ ഇരുന്നാണ് അടിച്ചുകൂട്ടിയ ചപ്പു ചവറുകള്‍ നെല്ക്കലത്തിന്റെ അടിയിലേയ്ക്കു മുളം കോല് കൊണ്ട് തള്ളി നീക്കുന്നത് ....കാളി നന്നേ കറുത്തിട്ടാണ് ഉണങ്ങി മെലിഞ്ഞു ഒരു രൂപം അധികം മിണ്ടാട്ടം ഇല്ല എന്തെങ്കിലും പണി ഉണ്ടേല്‍ ചെയ്തിട്ട് പോകും. ചാത്തന്‍  ആണ്  കൂലി കൂടി വാങ്ങിട്ടു  പോവുക ..
.
കാളി കത്തിക്കുന്ന അടുപ്പിലേയ്ക്ക് അമ്മു കുറെ ഓലക്കുടി തള്ളി കയറ്റി ....തുമ്പ് കത്തിയ ഓലയുടെ പിന്‍ വശത്ത് കൂടെ വെള്ള പുക വലയം തീര്‍ത്തു പൊങ്ങി പരക്കുന്നതും നോക്കി അമ്മു ഇരുന്നു .

തീനാമ്പുകള്‍ തിളങ്ങുന്നചെമ്പോലത്തെ നാല് പാടും നക്കി തോര്ത്തുന്നു .വേകാന്‍ തുടങ്ങിയ നെല്ലിന്‍റെ തിളയില്‍ നിന്നും ഒഴുകുന്ന കണ്ണീര്‍ ഒപ്പുന്നു ;.

കുറച്ചങ്ങോട്ട് മാറി ചാത്തന്‍ പ്ലാവിന്റെ വിറകു വെട്ടുന്നു .കറുത്ത് ദൃഡമായ ശരീരത്തിലൂടെ വിയര്‍പ്പു ചാലിട്ടൊഴുകുന്നു .ഇടയ്ക്കിടെ വിറകു വെട്ടല്‍ നിര്‍ത്തി .കയ്യില്‍ മുറുക്കാന്‍ തുപ്പലും വിയര്‍പ്പും ചേര്‍ത്ത് കൈകള്‍ കൂട്ടി തിരുമ്മുന്നു .ബാക്കി നേരം പതിവ് പോലെ, അടുക്കള പുറത്തെയ്ക്കാണ് കണ്ണ് .

' എന്താ ചാത്താ കുടിക്കാന്‍ വല്ലോം വേണോ ?
നാണുമ്മാമ്മ യുടെ ശബ്ദം 

"അതെമ്ബ്രാ ,..കഞ്ഞി വെള്ളം ആയെങ്കില്‍ "ചാത്തന്‍ തലേകെട്ട് അഴിച്ചുകെട്ടുന്നു ..

അമ്മു .അരി വാര്ത്തെങ്കില്‍ ഇത്തിരി വെള്ളം എടുത്തോ കുറച്ചു വറ്റോടെ......

അമ്മു നീരസത്തോടെ അടുക്കളപ്പുരയിലെയ്ക്ക് നടന്നു .

അടുക്കളയില്‍ കാല്നീട്ടി ഇരുന്നു അരയന്ഗുലം നീളത്തില്‍ അവിയലിന് കഷണം നുറുക്കുന്ന അമ്മ .

വല്യമ്മ കുനിഞ്ഞു നിന്ന് അടുപ്പത്ത് നിന്നും ചോറും കലം ഇറക്കി അടപലക വെച്ചു പാത്തിയിലേയ്ക്ക്   വാര്‍ക്കുന്നു 

":അമ്മെ ചാത്തന് കഞ്ഞി വെള്ളം വേണംന്ന് "

"വിളിച്ചു കൂവാന്‍ നിക്കണ്ട കൈ പൊള്ളിക്കാതെ നീയ്യന്നെ കൊറച്ചു കൊണ്ടോയ്  കൊടുക്ക്‌ "

"എന്നെ കൊണ്ടൊന്നും പറ്റില്ല ..അസത്ത്,, കണ്ടൂടാ എനിക്കതിനെ കണ്ടോടം പിടിച്ചു നുള്ളും .....ഒന്നൂല്ലേലും ഞാനൊരു നായരുകുട്ടി അല്ലെ അമ്മെ ..അയാള് തൊട്ടാ ഞാന്‍ കുളിക്കണ്ടേ ?"

"ഈ പെണ്ണിന്റെ ഒരു നാക്ക്‌ ഞാന്‍ നല്ലത് വെച്ച് തരും അതൊക്കെ
 പണ്ടല്ലേ നീ കിണ്‌ങ്ങാന്‍ നിക്കാണ്ട് കൊണ്ടോയ് കൊടുക്കുനുണ്ടോ കുട്ടി "

"എന്നോട് പറയണ്ട...... അമ്മ ഇത് കണ്ടോ?"   അമ്മു അടി ഉടുപ്പ് മാറ്റി തുടയില്‍ നീലിച്ചു കിടക്കുന്ന പാട് കാണിച്ചും കൊണ്ട് പറഞ്ഞു 
" അമ്പതു പൈസ വട്ടത്തിലാ കിടക്കണേ.... ഈ ജന്തുഇന്നാള് പിടിച്ചു  നുള്ളിയതാ ..എന്‍റെ അച്ഛന്‍ ഇങ്ങോട്ട് വന്നോട്ടെ  പറഞ്ഞു കൊടുക്കുന്നുണ്ട് ഞാന്‍ ....അതിന്‍റെ.അടുത്തേയ്ക്ക് ചെല്ലാന്‍ സാധിക്കോ ? വിയ്ര്‍പ്പിന്റെം മുറുക്കാന്‍ ന്റേം  ഒരു പച്ച ചൂര് ...എന്നെ കൊണ്ട് സാധിക്കില്ല  വേണങ്കില്‍ അമ്മ പോകൂ 

 വല്യമ്മ പാത്തിയിലെ വെള്ളം ഒരു പാത്രത്തിലേയ്ക്ക് പകര്‍ന്ന്, വീണ്ടും ചോറും കലം ചെരിച്ചു വെച്ചു നിവര്‍ന്നു നിന്ന് മേലോട്ട് കയറിപോയ റവുക്ക പിടിച്ചു താഴ്ത്തി ഇറുക്കി കെട്ടി വെച്ച്. മുതുകിലൂടെ കൈകള്‍ പിണച്ച് ഒന്നരമുണ്ടിന്റെ താറു വലിച്ചു കുത്തി . കഞ്ഞി പാത്രവുമായി  പുറത്തേയ്ക്ക് നടന്നു 
വല്യമ്മ എപ്പോഴും കടും കളര്‍ റവുക്കയും മുണ്ടുമാണ് ധരിക്കുക മേല്‍മുണ്ട്‌ പുറത്തു പോകുമ്പോഴേ ഉപയോഗിക്കാറുള്ളൂ .കഞ്ഞീം നീലോം മുക്കി ഉണക്കിയ തുണികള്‍ കിടക്കയുടെ അടിയില്‍ വെച്ചു ചുളിവു നിവര്ത്തിയിട്ടേ ഉടുക്കൂ 

വല്യമ്മയ്ക്ക് കടും കളര്‍ നന്നായി ചേരും .നന്നേ വെളുത്തിട്ടാണ്‌ നല്ല ചുരുണ്ട മുടിയും നല്ല പൊക്കവും ഉണ്ട് .അമ്മയ്ക്ക് അത്രന്നെ നിറവും ഉയരവും ഇല്ലെങ്കിലും അമ്മയുടെ മുഖത്ത്തിനാണ് കൂടുതല്‍ ഐശ്വര്യം എന്നെ അമ്മൂന് തോന്നാറ്


അമ്മ പഞ്ഞി പോലത്തെ വോയില്‍ സാരി ആണ് ഉടുക്കുക അത് പട്ടാള നിയമം ആണ് എന്നാണ് വല്യമ്മ അമ്മയെ കളിയാക്കി പറയാറ് 
 അമ്മുന്റെ അച്ഛന്‍ പട്ടാള ത്തിലാണ്  ഒന്നോരണ്ടോ തവണഅച്ഛന്‍ വന്നു പോയ ഓര്‍മയെ  അമ്മുവിനുള്ളൂ .....ബാക്കി അമ്മുന്റെ അച്ഛന്‍ എന്ന് പറയുമ്പോള്‍ അമ്മയുടെ കണ്ണിലെ തിളക്കവും ...പിന്നേം പിന്നേം അമ്മ വായിക്കുന്ന അച്ഛന്റെ കത്തിലെ ഈറന്‍ പടര്‍ന്ന വടിവൊത്ത അക്ഷരങ്ങളും ആണ് അമ്മുവിന് അച്ഛനെ പ്രിയപ്പെ ട്ടതാക്കുന്നത് 

  വല്യമ്മയ്ക്ക് കുട്ടികളില്ല അമ്മുന്റെ കൂട്ടുകാരികള്‍ക്കെല്ലാം പറച്ചില് അമ്മൂന് രണ്ടമ്മയുണ്ട് എന്നാണ് ...വല്യമ്മ യുടെ വല്യച്ചന്‍ മൂസതാണ് ..ശുചീന്ത്രം എന്ന് പറയുന്ന സ്ഥലത്തെ അമ്പലത്തില്‍ കഴകം ആണ്   ത്രെ ....നാട്ടിലെ ഉത്സവകാലത്തേ ഇങ്ങോട്ട് വരാറുള്ളൂ വരുമ്പോള്‍ നല്ല വാസന സോപ്പും ജാക്കറ്റ് ശീലകളും കൊണ്ട് വരും ...

വല്യച്ചന്‍ വന്നാല്‍ ആരോടും മിണ്ടികണ്ടിട്ടില്ല ...രാത്രി കഥകളി കാണാന്‍ പോക്കും പകലുറക്കവും.... ഉത്സവം കഴിഞ്ഞാല്‍ തിരിച്ചു പോകുകയും ചെയ്യും. വല്യ കഥകളി ഭ്രാന്തന്‍ ആണെന്നാണ് എല്ലാരും പറയുന്നേ ..

വല്യമ്മ കഞ്ഞി വെള്ളവും കൊണ്ട് ചാത്തന്റെ അടുത്തേയ്ക്ക് പോയതും അമ്മു പിന്നാലെ ചെന്നു..വല്യമ്മയെ കണ്ടപ്പോ ചാത്തന്‍റെ മുഖത്ത് എന്നത്തെയും പോലെ ഒരു ചിരി മിന്നി മറഞ്ഞു കറുത്ത ദേഹത്ത് വിയര്‍പ്പുചാലുകള്‍ അധികമയിട്ടോഴുകി .വല്യമ്മ കുനി ഞ്ഞ്    കഞ്ഞി പാത്രം ചാത്തന്‍റെ തൊ ട്ടടുത്ത്‌ തറയില്‍ വെച്ചു ...

അമ്മു തെല്ലകലെ മാറി നിന്നു ...ഇപ്പോള്‍ ചാത്തന്‍ തലേകെട്ട് അഴിച്ച് വീശി വെട്ടാനുള്ള മരത്തില്‍ ചാഞ്ഞിരുന്നു കഞ്ഞി പാത്രം ചുണ്ടോടുപ്പിക്കുന്നു ..വല്യമ്മ  കീറിയ വിറകുകളുടെ നുറുങ്ങുകള്‍ കൊട്ടയില്‍ പറക്കുന്ന ഭാവത്തില്‍ നിക്കുന്നു 

"പട്ടാളം തമ്പ്രാന്‍ എപ്പോ ആണ് അമ്മുകുട്ട്യെ വരിക ?" അമ്മു ചോദ്യം കേട്ടതായി ഭാവിച്ചില്ല ..അച്ഛനെ പറ്റിയാണ് ചോദ്യം അച്ഛന്‍ വരുമ്പോള്‍ ഇയാള്‍ക്ക് റാട്ട് കൊണ്ട് വരുന്ന പതിവുണ്ട് ത്രെ .... ചിലപ്പോ ഒക്കെ ചാത്തന്‍റെ കൂടെ പാടത്ത് ഇറങ്ങി കിളക്കുകയുംചെയ്യുമെന്ന് ...

അപ്പൊ അമ്മു പറഞ്ഞാല്‍ അച്ഛന്‍ ചാത്തനെ ഇവിടെ നിന്നും പറഞ്ഞയപ്പിക്കില്ലേ ? അമ്മൂന്  നിരാശ തോന്നി എല്ലാരും ചാത്തന്‍റെ സെറ്റാ.... 
ആരുമില്ലത്തപ്പോ അതിന്‍റെ സ്വഭാവം അമ്മൂനല്ലേ അറിയൂ ..

എല്ലാത്തിനും എല്ലാര്‍ക്കുംചാത്തന്‍ വേണം തിരുവാതിരയ്ക്ക് നല്ല കൊമ്പ് നോക്കി ഊഞ്ഞാല്‍ കെട്ടാനും ..നോയമ്പ് കഴിഞ്ഞു കുടിക്കാനുള്ള കരിക്ക് വെട്ടാനും ..വാഴക്കുല വെട്ടാനും എല്ലാത്തിനും... .അപ്പൊ അമ്മു പറയുന്നത് ആരെങ്കിലും കേള്‍ക്കുമോ ?

 അലസമായി അമ്മു കിഴക്കേ തൊടിയിലെയ്ക്കിറങ്ങി ...ഒരു വലിയ വാരം നിറയെ കൊടുവേലി തിരി നീട്ടി  പൂത്ത് നില്‍ക്കുന്നു ..ആദ്യമായാണ് ഈ  കൊടുവേലി പൂത്ത് നില്‍ക്കുന്നത് കാണുന്നത് . ഈ പ്രദേശത്ത് ഒന്നും ഇതുവരെ കൊടുവേലി ഉണ്ടായിരുന്നില്ല .തിരുവാതിരയ്ക്ക് പാതിരാക്ക്‌ ചൂടാന്‍ ചാത്തന്‍ ആണ് എവിടെനിന്നോ ഇലക്കീറില്‍ മൂന്നോ നാലോ വാടി കൊഴിഞ്ഞ പൂക്കള്‍ കൊണ്ട് വരാറ്.വല്യമ്മ അത് വാഴപ്പോളയില്‍ കെട്ടി ഭദ്രമായി സൂക്ഷിക്കും ....:ശാസ്ത്രത്തിനു ഇതെങ്കിലും കിട്ടിയല്ലോ :എന്ന് ആശ്വസിക്കും ..ആ കൊതി കണ്ടാണ്‌ ചാത്തന്‍ കൊട് വേലി കിഴങ്ങ് കൊണ്ടുവന്നു വാരം കിളച്ച് കുഴിച്ചിട്ടത് ...കൊടുവേലി കിഴങ്ങ് നല്ല മരുന്നാണ് ത്രെ ...ചന്തയില്‍ കൊണ്ട് പോയി വിറ്റാല്‍ നല്ല വിലയും കിട്ടും പൂക്കള്‍ തിരുവാതിരയ്ക്ക് ചൂടുകയും ചെയ്യാം ....

പച്ച പൊന്തയ്ക്കുള്ളില്‍നിന്നും തിരിനീട്ടുന്ന കടും ചുവപ്പ് പൂക്കള്‍ നല്ല ഭംഗി ഉള്ളതാണെങ്കിലും അമ്മൂന് ഒട്ടും ഇഷ്ടം തോന്നിയില്ല ..ചാത്തന്‍ നീട്ടി മുറുക്കി തുപ്പിയ പോലെ ഉണ്ടെന്നു തോന്നി ...അവിടെ നില്‍ക്കുമ്പോള്‍ ആ പൂക്കള്‍ക്ക് ഒക്കെ ചാത്തന്‍റെ പച്ച ചൂര് ഉണ്ടെന്നു തോന്നിയപ്പോള്‍ അമ്മു ഒരു മനം പിരട്ടലോടെ  ഓടി അമ്മയുടെ മടിയില്‍ കിടന്നു കാരണം ഇല്ലാതെ മിഴികള്‍ വാര്‍ത്തു ......

Sunday, June 30, 2013

നോവലെറ്റ്

ഒരു മഴക്കാഴ്ച്ച

കലങ്ങി മറിഞോഴുകുന്ന  തോട്ടുവക്കത്തുകൂടി ,നരച്ചു തുളവീണ കുടയും ചൂടി അയാള്‍ ആയാസത്തോടെ ആണ് നടക്കുന്നത് .ഒരു ദാക്ഷിണ്യം ഇല്ലാതെ അലച്ചു പെയ്യുന്ന മഴ .വരമ്പേതു? കണ്ടമേത്‌? എന്നറിയാതെ പരന്നു ഒളംവെട്ടി കിടക്കുന്ന വെള്ളം .......കക്ഷത്തില്‍ ഒതുക്കിപിടിച്ച  പൊതിക്കുള്ളില്‍ മോഡേണ്‍ ബ്രെഡും എണ്ണ പലഹാരങ്ങളും.... .എത്ര സൂക്ഷിച്ചിട്ടും പൊതി നനയ്ക്കാന്‍ ശ്രമിക്കുന്ന മഴക്കാറ്റ്.......വെള്ളം കുടിച്ച്, താടിവീര്ത്തു ,കണ്ണ് തള്ളി, തൊണ്ട വിറച്ച് പാടുന്ന തവളകള്‍.......,,, ആരാണീ പെരുമഴയത്ത്? എന്ന് എത്തി നോക്കി വെള്ളത്തില്കൂ ടി പായുന്ന നീര്‍ ക്കോ ലികള്‍ 

പാടത്ത് നിന്ന് കയറി ഇടവഴിയില്‍ എത്തിയിട്ടും പുറത്തെങ്ങും ഒരു മനുഷ്യ ജീവിയെ കാണുനില്ല കാരണംകനത്ത  മഴ തന്നെ ..പക്ഷെ അയാള്‍ ഉത്സാഹത്തോടെ നടന്നു .സ്വന്തം വഴികളില്‍കൂടി നടക്കുന്ന സുഖം .......ഇടവഴിയില്‍ നിന്നും നാലാമത്തെ വീട് .അതാണ് അയാളുടെ തറവാട്.... പടിപ്പുര കയറിയതും വിലാസിനിയേ .......എന്ന് നീട്ടി വിളിച്ചു ....കൈത്തലം മുണ്ടില്‍ തുടച്ചും കൊണ്ട് അയാളുടെ സഹോദരിയും,പലപ്രായത്തിലുള്ള അഞ്ച്,ആറു കുട്ടികളും പുറത്ത് വന്നു


കയ്യിലിരുന്ന പലഹാരപ്പൊതി തിണ്ണയില്‍ വെച്ചിട്ട് , മുണ്ട് ഒന്നും കൂടി മാടിക്കുത്തി കയ്കോട്ടും എടുത്ത് മഴപാച്ചിലില്‍ റോഡില്‍ നിന്നും കുത്തി ഒഴുകി വരുന്ന വെള്ളം തടയാന്‍ ശ്രമിച്ചു.. .സ്വന്തം കാല്‍ തട വെച്ചു, വീണ്ടും വീണ്ടും മണ്ണ് ഇട്ട് കാലുകൊണ്ട്‌ തേമ്പി ഉറപ്പു വരുത്തി ഉമ്മറത്ത് വന്നു .വീടിന്‍റെ  മേല്ക്കുരപ്പാത്തിയില്‍ നിന്നും നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളത്തില്‍ കയ്യും, കാലും, കൈകൊട്ടും തേച്ചു കഴുകി .മുണ്ടുകൊണ്ട് കയ്യിലെ ഈറന്‍ തുടച്ചുംകൊണ്ട് പൂമുഖത്തേയ്ക്കു കയറി കസേരയില്‍ ഇരുന്നു ....അതിനിടയില്‍ പലഹാരപ്പോതിയും കുട്ടികളും അപ്രത്യക്ഷരായിരുന്നു .കുറെയൊക്കെ ശാന്തമായ് തീര്ന്നി രുന്ന മഴ അയാളുടെ പിന്നില്‍ മുണ്ടിന്റെ കോന്തലകൊണ്ടു മാറും മറച്ച് ചുമര്‍ ചാരിനിന്ന പെങ്ങളെ പോലെ വീണ്ടും കണ്ണ് നിറയ്ക്കാനും മൂക്ക് പിഴിയാനും പയ്യാരം പറയാനും തുടങ്ങി 


ഇളയ കുഞ്ഞിന്റെ കരപ്പനും ,രാപ്പാള് വൈദ്യന്റെ മരുന്നും കുറിപ്പും ,കുട്ടികളുടെ അച്ഛന്റെ വാത പ്പനിയും ,മഴയ്ക്ക് ചോര്ന്നൊ ലിക്കുന്ന മേല്ക്കുരയും,തൊടിയില്‍ വളര്ന്നു കൊണ്ടിരിക്കുന്ന കാടും, അതില്‍ വരാനിടയുള്ള ഇഴ ജന്തുക്ക ളുമോക്കെയായി ആ മഴ തുടര്‍ന്ന് കൊണ്ടേ ഇരുന്നു.... അസ്വസ്ഥതയോടെ അയളെഴുന്നേറ്റു  തി ണ്ണയില്‍ കയറി ഓടിനടിയില്‍ സൂക്ഷിച്ചിരുന്ന തെങ്ങോലകളും പാള കഷണങ്ങളും കൊണ്ട് ചോര്ച്ചയുള്ള ഓടിന്‍ വിടവിലോക്കെ ചോര്ച്ച തീര്ക്കാ നുള്ള വിഫല ശ്രമം ചെയ്തു

 കുറച്ചു സമയത്തിനുള്ളില്‍ ഒരു പലകയും അതിനടുത്ത് പാത്രത്തില്‍ ചൂടുള്ള കഞ്ഞിയും കഞ്ഞിക്കുമേലെ കുത്തിയ പച്ച പ്ലാവിലയില്‍ കല്ലുപ്പും കൊണ്ട് വെച്ച് സഹോദരി വീണ്ടും ചുമരും ചാരി നില്പ്പാ യി.......തിണ്ണയില്‍ നിന്നുമിറങ്ങി പ്ലാവില കുമ്പിളിലെ ഉപ്പുകല്ല് കഞ്ഞിയില്‍ അലിയിച്ചുകൊണ്ട് അയാള്‍ തൊട്ടുകൂട്ടാന്‍ എന്തെങ്കിലും കാത്തി രുന്നുവെങ്കിലും അത് വെറുതെ ആയി ..വീണ്ടും മഴ ചിണുങ്ങാന്‍ ആരംഭിക്കുമോ എന്ന് ഭയന്ന് അയാള്‍ പാത്രത്തോടെ കഞ്ഞിവെള്ളം മോന്തി, വറ്റ് പാത്രത്തില്‍ തന്നെ അവശേഷിപ്പിച്ച് എണീറ്റ്‌ മുണ്ടിന്‍ തലകൊണ്ട് ചിറിതുടച്ചു ..അറിയാതെ വായില്പെെട്ട ഒരു വറ്റ് പ്രയസപെട്ടു ഇറക്കി വിക്കികൊണ്ട് ഏമ്പക്കം വിട്ടു റോഡിലെ മഴവെള്ള കുത്തൊഴുക്ക് നോക്കികൊണ്ട്‌ നിന്നു

.പോക്കറ്റില്‍ കിടന്ന ബീഡി യെടുത്ത് ശ്രദ്ധയോടെ അതിന്റെ നൂല്കെ ട്ടുമുറുക്കി ചുണ്ടത്തു വെച്ച് നനഞ്ഞ തീപ്പെട്ടി പലവട്ടം കൊളുത്താന്‍ ശ്രമിച്ചു പരാജയപെട്ട് തീപ്പെട്ടിയും ചുണ്ടിലെ ബീഡിയും ദേഷ്യത്തില്‍ മുറ്റത്തെയ്ക്ക് വലിച്ചെറിഞ്ഞു... അടുക്കളയില്‍ നിന്നും വേറെ  തീപ്പെട്ടി എടുക്കാന്‍ തിരിഞ്ഞ പെങ്ങളെ കൈ  ആംഗ്യം   കൊണ്ട് തടഞ്ഞ്.ബീഡി യോടൊപ്പം പോക്കറ്റില്‍ ഉണ്ടായിരുന്ന ഏതാനും നോട്ടുകള്‍ സഹോദരിയുടെ അടുത്ത് തിണ്ണയില്‍ വെച്ച്,, പ്രയാ സപ്പെട്ട്കുടനിവര്ത്തി വീണ്ടും പെയ്യാന്‍ തുടങ്ങിയ മഴയിലേക്കിറങ്ങി .മഴയത്ത് ആരും കാണാതെ പെയ്ത അയാളുടെ കണ്ണുകള്‍ക്കൊപ്പം ,മരുമക്കത്തായം കൊണ്ട് അയാള്‍ക്ക് അന്യമായി , ഇപ്പോള്‍ ശിഥിലമായ്കൊണ്ടിരിക്കുന്ന അയാളുടെ തറവാടും തേങ്ങി ...
ഒരു ചെറിയ തോര്‍ച്ചയ്ക്ക് , മുറ്റത്ത് പനമ്പില്‍പുഴുങ്ങിയിട്ട നെല്ല് കാല്‍കൊണ്ടു മെല്ലെ ചിക്കികൊണ്ടിരിക്കുംബോഴാണ്അമ്മിണി ഇടവഴി കടന്നു അയാള്‍ വരുന്നത് കണ്ടത് ...."അയ്യോ കുട്ടന്റച്ച്ചന്‍ഉണ്ണാന്‍ നിക്കാതെ അവിടന്നു പുറപെട്ടൂന്നാ തോന്നണത് ......അമ്മേ ,,ഈ നെല്ല് ..ആ അസത്ത് കോഴികള്‍ കൊത്താതെ നോക്കണം ട്ടോ "  എന്നും പറഞ്ഞ് കാലില്‍ പറ്റിയ നെല്ലുമണികള്‍ കൈകൊണ്ട്തട്ടി ....മേല്മുണ്ടിന്‍ തലകൊണ്ട് വിയര്‍പ്പൊപ്പി അകത്തേയ്ക്ക് പോയി .

വെന്തുകിടന്നചോറ് ഇറക്കി വാര്‍ത്തുവെച്ച്, അടുപ്പില്ചീഞ്ചട്ടിവെച്ച് വെളിച്ചെണ്ണ പകര്‍ന്നു പപ്പടം നാലായി കീറി വറുത്തെടുത്ത് അതേവെളിച്ചെണ്ണ യിലേയ്ക്കു നുറുക്കിയ അച്ചിങ്ങ പയറും പച്ചമുളക് കീറിയതും ഉപ്പും ചേര്‍ത്തിളക്കി മൂടി വെച്ചു......

ഉണ്ണാന്‍ കൈകഴുകി വന്ന അയാളുടെ,, കുറച്ചു അകലെ വാതിലി നടുത്തായിമുറുക്കാന്‍ ചെല്ലവും എടുത്ത്അമ്മിണിയുടെ അമ്മ കല്യാണി അമ്മ കാല്‍ നീട്ടി ഇരുപ്പായി ...മുറ്റത്ത്‌ മടിച്ചു മടിച്ചു വരുന്ന വെയിലില്‍ കിടക്കുന്ന നെല്ലില്‍ കണ്ണും നട്ടുള്ള അവരുടെ ഇരുപ്പിന്റെ മുഖ്യ ഉദ്ദേശം ഊണ് കഴിക്കാന്‍ ഇരിക്കുന്ന ആളിന്റെ വിശേഷം പറച്ചില്‍ കേള്‍ക്കുക എന്നതാണ് ...

അയാള്‍ ചൂടുള്ള ചോറില്‍ സാമ്പാര്‍  ഒഴിച്ച് ഉരുട്ടി എടുക്കുന്നതിനിടയില്‍ മെഴുക്കുപുരട്ടി വിളമ്പി കൊണ്ട് അമ്മിണി ചോദിച്ചു ."ഓപ്പോള്‍ക്കും കുട്ടികള്‍ക്കും സുഖമല്ലേ ?" വായിലേയ്ക്ക് വെച്ച ഉരുള മെല്ലെ ഇറക്കികൊണ്ട്‌ അയാള്‍ തളര്‍ന്ന സ്വരത്തില്‍ ഒന്ന് മൂളി .അയാളുടെ നിരാശകലര്‍ന്ന സ്വരത്തില്‍നിന്നും വിശേഷം മനസിലാക്കിയ അമ്മിണി വിഷയം മാറ്റാന്‍ വേണ്ടി പറഞ്ഞുകൊണ്ടേ ഇരുന്നു .." ഇതെന്ന് തുടങ്ങിയ മഴയാ .....ഇന്നിപ്പോ ഒരു ചെറിയ തോര്‍ച്ച കണ്ടപ്പോ ഞാന്‍ ഒരു ചെമ്പോലം നെല്ലെടുത്ത് പുഴുങ്ങി " എത്ര ദിവസാ വെയിലും വരുന്നത് കാത്തു ഇരിക്കാ ......"
ഊണ്തു ടര്‍ന്നുംകൊണ്ട് അയാള്‍ പറഞ്ഞു ""വേണ്ടിയിരുന്നില്ല മഴയെ വിശ്വസിക്കാന്‍ പറ്റില്ല എപ്പഴാ വര്വാ ന്നു ആര്‍ക്കാ നിശ്ചയം അല്ലേലും മിഥുനം കര്‍ക്കടകത്തില്‍ ആരേലും നെല്ലു ഉണക്കുമോ ?""

""സാരല്യ ന്നേയ്, മഴപിന്നേം വര്വാ ച്ചാ തട്ടിന്‍പുറത്ത് കനം കുറച്ചു ചിക്കാം..ഇപ്പോഴെയ്ക്ക് ഉള്ളത് ഒന്നും അല്ലല്ലോ ഓണം കഴിയോളം ഉള്ള നെല്ല് പുഴുങ്ങി ഉണങ്ങിയതിരിപ്പുണ്ട് ഉണക്കലും ഉണ്ട് ......അമ്മിണി പറഞ്ഞു നിര്‍ത്തിയപ്പോ അയാള്‍ പറഞ്ഞു 
"ഉം നന്നായി ഓണത്തിന് കുറച്ചു അരിയും നാളികേരവും വിലാസിനിക്ക്‌ കൊണ്ടുപോയ് കൊടുക്കണം "

ആവാലോ ഞാന്‍ സൊസൈറ്റി ന്നു കുറച്ചു കണ്ട്രോള്‍ തുണിയും മേടിച്ചു കുട്ടികള്‍ക്ക് പാവാട തുന്നി തന്നു വിടാം അല്ലേല്‍ വേണ്ട ഞാനും വരാം എത്രൂസായി ഒപ്പോളേം കുട്ടികളേം കണ്ടിട്ട് "
സംഭാഷണം ഇങ്ങനെ തുടരവേ കല്യാണി അമ്മ വായിലെ മുറുക്കാന്‍ ചവച്ചുംകൊണ്ട് """ഓ ...ഇനി ഇപ്പൊ ഇബ്ടുന്നു കൊണ്ടോയ് കൊടുത്തിട്ട് വേണോ ? ഓള്‍ടെ സംബന്തക്കാരന്‍ കുന്നത്ത്വീട്ടിലെ ആളല്ലേ അയാള്‍ക്ക്‌ ഇതൊക്കെ ഇഷ്ടാവോ ...ആ നായ്ര്‍ക്കെന്താ പാടത്തിറങ്ങി ഉത്സഹിച്ചാല് ..വള ഊരിപോക്വോ ??


ഊണുമുഴുമിപ്പിക്കാതെ  കിണ്ണത്തില്‍  കൈകുട ഞ്ഞ്‌കിണ്ടിയിലെ വെള്ളം ഗ്ലാസില്‍ പകരാന്‍ നിക്കാതെ മുരള് കൊണ്ട് വയില്‍വെച്ചു ഇക്കിളോടെ അകത്താക്കി.... കൈകഴുകി തോര്‍ത്തുമുണ്ടും എടുത്ത് അയാള്‍  തൊടിയില്യ്ക്കിറങ്ങി 


എച്ചില്‍ പത്രം എടുത്ത്  വ  റ്റ് പെറുക്കി നിലം തളിച്ച് തുടച്ചുംകൊണ്ട് അമ്മിണി പറയാന്‍ തുടങ്ങി 
""ആ ഒറ്റ ആള്‍ടെ ഉത്സാഹം കൊണ്ടാ  ഈ കാണുന്നതെല്ലാം ഉണ്ടായതെന്ന് അമ്മ മറക്കണ്ട ...മൂന്നുനേരത്തിന് നാലുനേരം ഉണ്ണാനും ഉടുക്കാനും ഉണ്ടായതു  ഒക്കെ അദ്ദേഹം രാപകല്‍ വെയിലും മഴയും കൊണ്ട് നടന്നിട്ടല്ലെ ? ഒരു ഒറ്റ കൂടപിറപ്പു അല്ലേ ഉള്ളൂ അതും പിള്ളേരേം ഇങ്ങനെ കഷ്ടപെടുമ്പോ ദെണ്ണം ഉണ്ടാവില്ലേ ?
" ആള് ഇബടെ വന്നെ പിന്നെയാ നമുക്കും ഈ നെലേം  വെലയുംഉണ്ടായെന്നു മറക്കാതെ ഇരിക്കന്നെയാ വേണ്ടത് ...


""നീ ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ  അമ്മ്ണി..നെലേം വെലേം ഒക്കെ മ്മക്ക് പണ്ടും ഉണ്ടാര്‍ന്നു ...നാലു കാശിനു ഗതി ഇല്ലാത്ത നെന്‍റെനായര് ഇബടെ വന്നേ പിന്നെയാ ഗതി ഉണ്ടായേ ന്നു പറ ....ഇബടെ വന്നു കൂടണതിന് മുമ്പേ ആവായിരുന്നില്ലേ...ഈ ഉത്സാഹിക്കല്....അതിനു എറങ്ങി ഉത്സാഹിക്കാന്‍ അബടെവല്ല നെലോം സ്വത്തോമാങ്ങാ തൊലിം ഉണ്ടായിരുന്നോ ? പെണ്ണുങ്ങള്‍ ആയാല്‍ ഇത്തിരി സാമര്‍ത്ഥ്യം വേണം ഡി ഉണ്ടാകുന്ന കാലത്ത് കുറച്ചു നിലം കൂടെ വാങ്ങി ഇടാന്‍ പറ നെന്റെ നായരോട് ....ദാനം കൊടുക്കാന്‍ നിക്കണ്........

ഇതിനിടയില്‍ ചിറിയിലൂടെഒലിക്കാന്‍തുടങ്ങിയ മുറുക്കാന്‍ തുപ്പല്‍ പുറത്തേയ്ക്ക് നീട്ടി തുപ്പി.....   ഭാഗ്യം മുറ്റത്ത്‌ പനംബിലെ നെല്ല് വരെ എത്തിയില്ല .......വെറ്റില ചെല്ലവും എടുത്തു  കൂഞ്ഞുകൂടി എഴുന്നേറ്റു പോയി കല്യാണി അമ്മ 

അമ്മിണി ഒന്നും മിണ്ടാതെ കന്നിനുള്ള പരത്തിക്കുരു വെള്ളത്തില്‍ നിന്നും എടുത്ത് ആട്ടുകല്ലില്‍ ഇട്ട്‌ കാലും നീട്ടി ഇരുന്നു അരയ്ക്കാന്‍ തുടങ്ങി 
തൊടിയിലേയ്ക്ക് ചേര്‍ന്ന്, വെള്ളം കയറി ,ഓളംവെട്ടി കിടക്കുന്ന പരന്ന വയലിലേയ്ക്ക് കണ്ണും നട്ട് അയാള്‍ നിന്നു.അങ്ങിങ്ങ് മീന്‍ കൊത്തിയെടുക്കാന്‍ താഴ്ന്നു പറക്കുന്ന കിളികള്‍ ...ചൂണ്ടയിടുന്ന കുട്ടികള്‍ ..ദിവസങ്ങള്‍ക്കുശേഷം കണ്ട ,,നനുനനുത്ത വെയിലില്‍ അന്തരീക്ഷം ആകെ പ്രസന്നമായിരുന്നു ..പക്ഷെ എന്തോ ഗോവിന്ദന്‍ കുട്ടി നായര്‍ക്ക്‌ ഒരു ദേഹസുഖം തോന്നിയില്ല ......മഴ കാരണം കുറെ നാളുകളായി പാടത്തിറങ്ങി പണിതിട്ട് ....അതിന്റെതെന്നു തോന്നുന്നു ആകെ കൈ കടച്ചിലും അസ്വസ്ഥതയും ....

""തമ്ബ്രനെന്താ വെള്ളത്തില്‍ വിതയ്ക്കാന്‍ പോകുന്നാ ..ഇബടെ വന്നു നിക്കണത്" പുറകില്‍ ചാത്തന്റെ ശബ്ദം
"എന്താ ചാത്താ നിനക്കിന്നും പണിയില്ല അല്ലേ?"

"ഞാന്‍ തമ്പ്രാനെ കണ്ടു പത്തുര്‍പ്പിക ചോയ്ക്കാന്‍ വന്നതാ .......എനിക്ക് പണി ഇല്ലാതെ ആയിട്ട് ദെവസംകൊറേ ആയി"

"നെനക്ക് അമ്മിണിടെ അടുത്തുന്നു നെല്ലോ അരിയോഎന്താച്ചാ ചോദിക്കാ യിരുന്നില്ലേ ?"

"അത് ഒക്കെ ചക്കി നോക്കിക്കോളും തമ്പ്രാന്‍ കാശുണ്ടെങ്കില്‍ താ എനിക്ക് പാടത്തിന്റെഅക്ക്കരയ്ക്ക് പോണം "

"അത് ശരി നെനക്ക് വാട്ടചാരായം കുടിക്കണം അതിനു നീ ഇപ്പൊ ഈ വെള്ളം മുഴുവന്‍ നീന്തി കടക്കുമോ ?"

"അതിനൊക്കെ പണി ഇണ്ട്തമ്പ്രാന്‍ ഉറപ്പിക താ "

അയാള്‍ ബീഡി യോടൊപ്പം മടിയില്‍ ചുരുട്ടിവെച്ചിരുന്ന പത്ത് രൂപ എടുത്തു ചാത്തന് കൊടുത്തു .

കുട്ടികള്‍ കളിക്കാന്‍ വാഴപിണ്ടികള്‍ ചേര്‍ത്തുണ്ടാക്കിയ ചങ്ങാടം ഇറക്കി മുളം കോല്കൊണ്ട് കുത്തി ചാത്തന്‍ പോകുന്ന കാഴ്ച അയാള്‍ ചിരിയോടെ നോക്കി നിന്നു.

"അച്ഛാ അച്ഛന്‍ ചാത്തന്‍ ചെയ്ത പണി കണ്ടില്ലേ ഞങ്ങടെ ചങ്ങാടം ആണത്... അയാള്‍ ഇന്നത്‌ നാശമാക്കും.... നോക്കച്ചാ... അച്ഛന്‍ ഇതും നോക്കി മിണ്ടാതെ നിക്കുവാണോ ...

"അത് അയാള്‍ കൊണ്ട് തരും കുട്ടാ നാശാക്കിയാല്‍ ചാത്തനെ കൊണ്ട് നമുക്ക് ഇനി ഒന്ന് ഉണ്ടാക്കാം ..ആട്ടെ ഇന്നും സ്കൂള് ഉച്ചയ്ക്ക് വിട്ടോ ? "

കുട്ടന്‍ ദേഷ്യത്തില്‍ ഒരു കല്ല്‌ എടുത്ത് ചാത്തന്‍ പോയ വഴിയ്ക്ക് ചെരിച്ചു വീക്കി കല്ല്‌ ചാടി ചാടി പോകുന്നതും നോക്കി രസിച്ചു ...പിന്നെ ആ കളി തുടര്‍ന്നു ..ഗോവിടന്കുട്ടിയും അത് നോക്കി നിന്നു

"അച്ഛാ നമ്മുക്ക് പൊക്കത്തെ കണ്ടം നോക്കാന്‍ പോകാം "

റോഡിനു അപ്പുറമുള്ള ഉയര്‍ന്ന സ്ഥലത്ത് ഉള്ള വയല്‍ ആണ് അത്. .അവിടെ മൂന്നു പൂ കൃഷി ഇറക്കാം വെള്ളം കയറില്ല .അവിടെ ഗോവിന്ദന്കുട്ടി ഒരു നാല് പറ കണ്ടംപറഞ്ഞു ഉറപ്പിച്ചു വെച്ചിട്ടുണ്ട് അത് നോക്കാന്‍ പോകാം എന്നാണ് പറയുന്നത് ..പോകുന്ന വഴിയില്‍ തോട്ടില്‍ വിടര്‍ന്ന ആമ്പല്‍ പൊട്ടിക്കുകയും ആണ് ഉദ്ദേശം

അച്ഛനും മകനും തൊട്ടു വരമ്പിലൂടെ നടന്നു ..
അവിടെ ഞാറു നടല്‍ നടക്കുന്നുണ്ട് .ചക്കി റോഡില്‍ നിന്നും പണിക്കാര്‍ എറിഞ്ഞു കൊടുക്കുന്ന ഞാറിന്‍ കെട്ടുകള്‍ വിദഗ്ദമായി പിടിച്ചു ഉഴുതുമറിച്ചു ഒരുക്കിയിട്ടിരിക്കുന്ന കണ്ടത്തിലെയ്ക്ക് എറിയുന്നു .കുറെ പെണ്ണുങ്ങള്‍ കുനിഞ്ഞുനിന്ന് ഞാറു നടുന്നു .......

"എങ്ങോട്ടാ കുട്ടാ അച്ഛനേം കൊണ്ട് ?" ചക്കി കുട്ടനെ നോക്കി ചിരിച്ചു ...ചാത്തന്‍ ചങ്ങാടം എടുത്ത ദേഷ്യത്തിന് കുട്ടന്‍ ചക്കിയെ നോക്കാതെ മുഖം തിരിച്ചു ..

"കുട്ടന് ഞാറു നടണോ?" ചക്കി വിടാനുള്ള ഭാവം ഇല്ല

കുട്ടന്‍റെ ദൌര്‍ബല്യം ആണ് ചക്കിയോടോത്ത് , കിളച്ചു മറിച്ച് വെണ്ണ പോലെ ആക്കി ഇട്ടിരിക്കുന്ന കണ്ടത്തില്‍ ഇറങ്ങി ഞാറു നടുന്നതും ...വിളഞ്ഞു കിടക്കുന്ന നെല്ല് കൊയ്തു എടുക്കുന്നതും എന്ന് ചക്കിക്കറിയാം .....
കുട്ടന്‍ അച്ഛന്റെ മുഖത്തേയ്ക്കു നോക്കി .."വേണ്ട കുട്ടാ നമുക്ക് നമ്മുടെ കണ്ടത്തില്‍ പണിയുംമ്പോള്‍ ആകാം ഇവടെ വേണ്ട ""എന്ന് പറഞ്ഞു നടപ്പ് തുടര്‍ന്നു

കുട്ടന്റെ അടുത്ത ആവശ്യം തോട്ടില്‍ നടുക്ക് വിടര്‍ന്നു നില്‍ക്കുന്ന ആമ്പല്‍ പൂ ആണ് ....എത്തില്ല പിന്നെ പറിക്കാം എന്നൊക്കെയുള്ള പിതാവിന്റെ വാദഗതികള്‍ പുത്രന്റെ വാത്സല്യത്തിനു മുന്നില്‍ അടിയറവു വെച്ച് അയാള്‍ വളരെ കഷ്ടപ്പെട്ട് എത്തി പിടിച്ച് പൂ പറിച്ചു...... പൂ പറിക്കുന്ന ആയാസത്തില്‍ കാലു വഴുക്കി അയാളുടെ മുണ്ടും തുണിയുമൊക്കെ നനഞു കുട്ടന്‍ അച്ഛന്റെ കയ്യില്‍ നിന്നും പൂ വാങ്ങി ചിരിച്ചും കൊണ്ട് തോട്ടുവരമ്പത്തും കൂടി വീട്ടിലേയ്ക്ക് ഓടി ....

വഴുക്കിയപ്പോ ചെളിയില്‍ പുതഞ്ഞു പോയ കാല്‍ വലിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അയാളുടെ ഇടത്തെ ചുമലിനു പിന്നില്‍ നിന്നും ഒരു കഴപ്പ് കൈ മൊത്തം വ്യാപിച്ചു... കൈ അനക്കാന്‍ മേലാത്ത വേദന .... നെന്ജിനുള്ളില്‍ വല്ലാത്ത വിമ്മിഷ്ടം വിയര്‍പ്പുമണികള്‍ ഉരുണ്ടു വീണു വെള്ളത്തില്‍ കലര്‍ന്നു ..ഞാറു നടുന്ന കാഴചകള്‍ മങ്ങിപ്പോയി ....ആകെ പരവശതയോടെ അയാള്‍ എത്ര നേരം അവിടെ തന്നെ ഇരുന്നു എന്നറിയില്ല പിന്നീട് പതുക്കെ എഴുനേറ്റു വീട്ടിലോട്ടു പോയി ....

വീട്ടില്‍ കയറി വന്ന്മുണ്ട് മാറി കിടന്ന കിടപ്പ് അഞ്ചു മണി വരെ തുടര്‍ന്നു ..... കുട്ടന്റെ ശബ്ദംആണ് ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്
ഇപ്പോഴത്തെ ആവശ്യം അമ്മിണിയുടെ കുടുംബത്തില്‍ പെട്ട നാരായണന്‍ കുട്ടിയും ഭാര്യ ലതികയും അടുത്തുള്ള കൊട്ടകയില്‍ സിനിമക്ക് പോകുന്നു ....കുട്ടികള്‍ ഇല്ലാത്ത അവര്‍ കുട്ടനെയും കൊണ്ട് പോകാന്‍ അമ്മിണിയുടെ അടുത്ത് ശുപാര്‍ശയുമായി എ ത്തിയതാണ്

കുട്ടന്‍ കേട്ട പാതി വാശിപിടിക്കാന്‍ തുടങ്ങി ....അമ്മിണി മുടക്കാനുള്ള എല്ലാ വഴികളും തേടുന്നു

"ചെക്കനെ കൊണ്ടോയാല്‍ നിങ്ങള്ക്ക് കൂടി പടം കാണാന്‍ പറ്റില്ല ....വല്ലാത്ത വാശിക്കാരന്‍ ആണ് ..പടം കഴിയുന്നതും ഉറക്കം തൂങ്ങും നടക്കില്ല എടുക്കാന്‍ പറയും {""എന്നൊക്കെ പറഞ്ഞു നോക്കിയിട്ടും കുട്ടനും ലതികയും കെഞ്ചി കൊണ്ടേ ഇരുന്നു
ഗോവിന്ദന്കുട്ടി അമ്മിനിയോടു " പോനെങ്കില്‍ പോകട്ടെ അവര് നോക്കിക്കൊള്ളും എന്ന് പറഞ്ഞതും കുട്ടന്‍ മേല് കഴുകാന്‍ ഓടി ....

അമ്മിണി ലതികയോട് "" എന്നാലും ഈയിടയായി നിങ്ങള്‍ക്കിത്തിരി സര്‍ക്കീട്ട് കൂടുന്നുണ്ട് ട്ടോ പോണ ഇടത്തിലെയ്ക്ക് എല്ലാം അവനേം .........ചെക്കനെ എല്ലാരും ചേര്‍ന്ന് കൊന്ജിച്ചു വഷളാക്കും ""

""ഞങ്ങള്‍ക്ക് വേറെ എന്താണ് സന്തോഷം അമ്മിനിയെടത്തി ""
ലതിക കണ്ണില്‍ വെള്ളം നിറച്ചു കൊണ്ട് വീട്ടിലേയ്ക്ക്പോ യി ..

"നീ എന്തിനാ അതിനോട് ഓരോന്ന് പറയാന്‍ നിക്കണേ അമ്മിണി അവരുടെ കാര്യം നിനക്ക് അറിയില്ലേ ? "ഗോവിന്ദന്കുട്ടി അമ്മിണിയെ കുറ്റപ്പെടുത്തി

{""എനിക്കിന്ന് കഞ്ഞി മതിട്ടോ ഒരു സുഖം തോന്നുന്നില്ല പാടത്തിറങ്ങി കിളക്കാതെ ആണെന്ന് തോന്നുന്നു .... അയാള്‍ പറഞ്ഞു

അയ്യോ ഇന്ന് ഞാന്‍ മത്സ്യം വാങ്ങി വറുക്കാന്‍ വെച്ചിട്ടുണ്ട് ഊണ് വേണ്ടേ ?

അതിനെന്താ മീന്കൂട്ടി കഞ്ഞി കുടിക്കാലോ ....എന്തായാലും എനിക്കിത്തിരി മതി ....അത് നേരത്തേ വേണം കുട്ടന്‍റെ ഒപ്പം ഇരിക്കാം അവന്‍ നേരം വൈകി വന്നാല്‍ കഴിക്കാതെ ഉറങ്ങും കഴിപ്പിച്ചിട്ടു അയച്ചാല്‍ മതി

അച്ഛനും മകനും കഞ്ഞി കുടിക്കാന്‍ ഇരുന്നു... മീന്‍ ഉണ്ടെങ്കില്‍ കുട്ടന് സന്തോഷം ആണ് അപ്പൊ അച്ഛന്റെ മടിയില്‍ ഇരുന്നാണ് ഊണ്... കുട്ടന് മീന്‍ കഴിക്കാന്‍ അറിയില്ല അച്ഛന്‍ മുള്ള് കളഞ്ഞ് മീന്‍ ചോറില്‍ പൊതിഞ്ഞു ഉരുട്ടി വായില്‍ കൊടുക്കണം....കുട്ടന്‍ ഉണ്ട് കൊണ്ടിരിക്കുമ്പോ ചായ്പ്പു മുറിയില്‍നിന്നും മുത്തച്ഛന്റെ ശ്വാസം കിട്ടത്ത ചുമയും അമ്മമ്മ യുടെ ശകാരിക്കലും കേട്ടു....."".അച്ഛാ മുത്തച്ചന് അസുഖം കൂടുതല്‍ ആണോ ഇനിം കൂടിയാല്‍ മുത്തച്ചന്‍ മരിക്കുമോ ? ലതിക അമ്മായി പറഞ്ഞു മുത്തച്ചന് ഇനി ദെണ്ണം മാറില്ല വയസായി എന്ന്" ....".മുത്തച്ചന്‍ അടുത്ത് തന്നെ മരിച്ചു പോകുമോ ?"

"വയസായാല്‍ എല്ലാരും മരിക്കും മോനെ മോന്‍ വയറു നിറച്ചു കഴിക്കൂ"
അപ്പൊ വയസായാല്‍ അച്ഛനും മരിക്കുമോ ?"

""കുട്ടാ ഭക്ഷണം വായില്‍ വെച്ച് സംസാരിക്കരുത് എന്ന് പറഞ്ഞിട്ടില്ലേ കഴിഞെങ്കില്‍ എണീറ്റ്‌ കൈ കഴുകൂ ...""അമ്മിണി ആ സംസാരത്തിന് വിരാമം ഇട്ടു ...

മകന് വയറു നിറയെ ഉരുട്ടികൊടുത്ത് പേരിനുഅയാളും കഞ്ഞി കോരി കുടിച്ച് എഴുന്നേറ്റു ....

കൊട്ടകയ്ക്കുള്ളില്‍ ഇരുട്ട് പടര്‍ന്ന് പടം തുടങ്ങിയപ്പോ കുട്ടന് വരണ്ടായിരുന്നു അച്ഛന്റെ ഒപ്പം ഇരുന്നാല്‍ മതിയായിരുന്നു എന്ന് തോന്നി .... സിനിമയിലെ സംഭ്ഷണങ്ങള്‍ തുടരുമ്പോള്‍ കുട്ടന് അതൊന്നും കാര്യമായി മനസിലായില്ല ....മുന്‍പ് ലതിക അമ്മായിയുടെകൂടെ വന്നുകണ്ട ഒരു കുട്ടിയുംപട്ടിയുംഒക്കെ ഉള്ള സിനിമയുടെ ഓര്‍മയില്‍ ആണ് ഇന്നും വാശി പിടിച്ചു വന്നത്
നാരായണന്‍ കുട്ടി അമ്മാവന്‍ വാങ്ങി തന്ന പുളിപ്പുമിട്ടായ് ഓരോന്നായി വായില്‍ ഇട്ടു നുണയന്‍ തുടങ്ങി.... നാക്ക് ചുമന്നിട്ടുണ്ടോ എന്ന് നോക്കാന്‍ വയ്യ ഇരുട്ട് കാരണം .....

പിന്നെ കുറെ നേരം പിന്നിലോട്ടു തിരിഞ്ഞ് ഇരുന്നു ....ഒരു ചെറിയ ഓട്ടയില്‍ കൂടി വരുന്ന ഈ വെളിച്ചത്തില്‍ അലിഞ്ഞിരിക്കുന്ന സിനിമ ആ വെളുത്ത തുണിയില്‍ കാണിക്കുന്ന വിസ്മയം എത്ര ആലോചിച്ചിട്ടും മനസിലായില്ല അച്ഛന്‍ വന്നെങ്കില്‍ ചോദിക്കാമായിരുന്നു അച്ഛനും അമ്മയും ഒരിക്കലും സിനിമ കാണാന്‍ പോകുന്നത് കണ്ടിട്ടില്ല അതുകൊണ്ട് അച്ഛന് അറിയുമോ എന്തോ ?

കൊട്ടകയുടെ കതകു മെല്ലെ തുറന്ന്ടിക്കറ്റ്‌ കീറുന്ന മോഹനന്‍റെ കൂടെ കുടുംബത്തില്‍ പെട്ടവര്‍ തന്നെ മൂന്നാല് പേര് തങ്ങളുടെ നേരെ ടോര്‍ച്ചിന്റെ ഇത്തിരി വെളിച്ചത്തില്‍ നടന്നു വരുന്നത് ലതിക അമ്മായിയെ തോണ്ടി കാണിച്ചു .....
അവര്‍ അടുത്തെത്തി അമ്മാവന്റെ കാതില്‍ എന്തോ പറഞ്ഞതും അമ്മാവന്‍ കുട്ടനെയും അമ്മായിയെയും കൊണ്ട് വേഗത്തില്‍ പുറത്ത് കടന്നു ആകെ പരിഭ്രമിച്ച അവരുടെ കൂടെ നടക്കുമ്പോഴും കുട്ടന് വേഗം വീട്ടില്‍ പോകാറയല്ലോ എന്നാ സന്തോഷം ആയിരുന്നു ...കുറേശെ ഉറക്കം വരാന്‍ തുടങ്ങി ....കാലില്‍ കിടന്ന ചെരുപ്പ് അവരോടൊപ്പം വേഗത്തില്‍ നടന്നപ്പോ പലവട്ടം ഊരിപ്പോയി .....നാരയനന്കുട്ടി കുനിഞ്ഞു കുട്ടനെ എടുത്ത് ചുമലില്‍ ഇട്ട് വേഗത്തില്‍ നടക്കാന്‍ തുടങ്ങി .....അമ്മാവന്റെ നടപ്പിന്റെ താളത്തില്‍ കുട്ടന്റെ കണ്ണ് ഉറക്കം കൊണ്ട് മയങ്ങി പ്പോയ് ....

ഉണര്‍ന്നപ്പോ കുട്ടന് ആദ്യം വിഷുക്കണി ആണെന്നാണ് തോന്നിയത് തേങ്ങയില്‍ കത്തിച്ചു വച്ചിരിക്കുന്ന തിരിയും ചന്ദനത്തിരി മണവും നിലവിളക്കും ........പിന്നെയും കണ്ണ് തുറന്നു നോക്കിയപ്പോ ആണ് ഒരാളെ അവിടെ വെള്ള വിരിച്ചു അറിവിതറി കിടത്തിയിരിക്കുന്നത് കണ്ടത്

അപ്പൊ മുത്തച്ചന്‍ ഇത്രേ വേഗം മരിച്ചോ എന്ന് ഓര്‍ത്തതും....ചായ്പ്പു മുറിയില്‍നിന്നും മുത്തച്ഛന്റെ ചുമ ഉയര്‍ന്നു ....അകമ്പടിയായി ശാസനക്ക് പകരം അമ്മമ്മയുടെ നാമം ചൊല്ലല്‍

മരിച്ചവര്‍ ചുമയ്ക്കുമോ അവന്‍ വെള്ള പുതച്ചു കിടത്തിയിരിക്കുന്ന ആളെ നോക്കി ....അവനു വിശ്വസിക്കാന്‍ ആയില്ല കുറച്ചു നേരം മുന്നേ ചോറ് ഉരുട്ടി വായില്‍ തന്ന് വായ കഴുകിച്ച്....താടിയില്‍ രണ്ടു വിരല്‍കൊണ്ട് അമര്‍ത്തി പിടിച്ച്‌ മുടി ചീകി ...കവിളില്‍ ഒരു തട്ടും തന്നു പറഞ്ഞയച്ച അച്ഛന്‍ ഒന്നും അറിയാതെ വിളക്കുകള്‍ക്കു നടുവില്‍ കണ്ണടച്ച് കിടക്കുന്നു
കുട്ടന് അമ്മയെ കാണണം എന്ന് തോന്നി........ ഇരുട്ടുപിടിച്ച കിടപ്പുമുറിക്കുള്ളില്‍ ഏതോ സ്ത്രീകളുടെ ഇടയില്‍ കമിഴ്ന്നു അനക്ക മറ്റു കിടക്കുന്ന അമ്മ
കുട്ടന്‍ അടുത്തിരുന്ന് അമ്മേ എന്ന് വിളിച്ചതും അമ്മ എന്‍റെ പൊന്നുമോ നേ എന്ന് വിളിച്ചുകൊണ്ടു ആര്‍ത്തലച്ചു പെരുമഴ പോലെ പെയ്യാന്‍ തുടങ്ങി കുട്ടന്‍ ഭയത്തോടെ കണ്ണടച്ച് ശ്വസം മുട്ടലോടെ അമ്മയ്ക്ക് കരയാന്‍ നിന്നുകൊടുത്തു .........
ഓടുന്ന ബസില്‍ ഇരുന്നു,, പുറകിലോട്ടു ഓടി കൊണ്ടിരിക്കുന്ന വഴിക്കാഴ്ചകള്‍ കുട്ടന് അതിശയമായി തോന്നി .ആറുവര്‍ഷങ്ങള്‍ കൊണ്ട് എന്തെന്തു മാറ്റങ്ങള്‍ ആണ് വന്നിരിക്കുന്നത്.. ഓരോ വര്‍ഷവും എത്ര എത്ര പുതിയ ഭംഗിയുള്ള വീടുകള്‍ ആണ് പഴയ ഇടത്തിന്റെ അടയാളങ്ങളെ തുടച്ചു മാറ്റി ഇല്ലാതാക്കുന്നത്? ...ആറുവര്‍ഷത്തെ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടിയവരില്‍ ഭൂരിഭാഗവും നാട്ടിലെ വീടുപണിയുടെ കടം വീട്ടാന്‍ കഷ്ട പെടുന്നവരാണ്
പുതിയ വീട് ഉണ്ടാക്കാന്‍ ഗള്‍ഫില്‍ വന്നവര്‍ ,വീട് കടം ചെറുതായി ഒതുങ്ങുമ്പോഴെയ്ക്കും..മതില് കെട്ടണം ..വീടിനു ചോര്‍ച്ച വരും മുകളില്‍ ഷീറ്റ് ഇടണം ..പെയിന്റിംഗ് .....അങ്ങനെ അങ്ങനെ ഒരു വീടിനു വേണ്ടി എത്ര വര്‍ഷത്തെ ജീവിതമാണ്‌ ഓരോ പാവങ്ങളും നശിപ്പിക്കുന്നത് ....ജീവിക്കാന്‍ ഒരു വീടോ അതോ വീടിനു വേണ്ടി ഒരു ജീവിതമോ .....

അച്ഛന്റെ മരണത്തോടെ എന്താണ് നഷ്ടപെട്ടത് എന്ന് ആ ബാല്യത്തില്‍ അറിഞ്ഞില്ല ..പിന്നീട് അമ്മമ്മയും മുത്തച്ചനും ആടും മാടും കോഴിയും കൃഷിയും ഉള്ള കുടുംബം ..ഒരു പരിഭവമില്ലാതെ ...കരി പുരളാത്ത ഒരു നല്ല മുണ്ട് ഉടുത്തു കണ്ടിട്ടില്ലാത്ത അമ്മ മുന്നോട്ടു കൊണ്ട് പോകുന്നത് അതിശയത്തോടെ ആണ് കണ്ടത് ....എന്നിട്ടും നല്ല വസ്ത്രത്തിന് വേണ്ടിയോ പലഹാരത്തിന് വേണ്ടിയോ അമ്മയോട് പിണങ്ങിനടന്നത് .......ഓര്‍ക്കുമ്പോള്‍ ഇന്നും കണ്ണുനിറയുന്നു ....

ഇത്ര കാലം ജീവിതം പച്ചപിടിപ്പിക്കാന്‍ കുറെ നാടുകള്‍ അലഞ്ഞു അമ്മ മ്മയ്ക്കും മുത്തച്ചനും ശേഷം വീട്ടില്‍ തനിച്ചായ അമ്മയെ ഓര്‍ത്തില്ല .....വലുതായി സ്വന്തമായി പണിയെടുക്കാന്‍ ആകുന്നവരെ ചോറ് തന്ന മണ്ണിനെ ഓര്‍ത്തില്ല .. പഞ്ഞകര്‍ക്കടകത്തില്‍ കൂടെ കരഞ്ഞ മഴയെ ഓര്‍ത്തില്ല ഇതെല്ലാം വിട്ടു താന്‍ എങ്ങനെ ഇത്ര നാള്‍ അന്യ നാട്ടില്‍ കഴിഞ്ഞു എന്നോര്‍ത്തപ്പോള്‍ മനസ് വല്ലാതെ വിങ്ങി

ഇന്നിപ്പോ ലീവ് തീര്‍ന്നു പോകാനുള്ള ദിവസങ്ങള്‍ അടുത്ത് കൊണ്ടിരിക്കുന്നു .....എന്നത്തെക്കാണ് ടിക്കറ്റ്‌ കിട്ടുക എന്നറിയില്ല .....ഇറങ്ങാന്‍ നേരം അമ്മയുടെ ...ഇനിയും കുട്ടന്‍ പോകുന്നുണ്ടോ? എന്ന ചോദ്യം മനസില്‍ കിടന്നു വിതുമ്പുന്നു ...ഒരിക്കലും മുതിര്ന്നതില്‍ പിന്നെ അമ്മ ഒന്നിനും നിര്‍ബന്തിച്ചിട്ടില്ല
.....
... പാടങ്ങളില്‍ നിന്നും ഉയരേണ്ട ..കുളിര്‍ കാറ്റിനു പകരം ഇഷ്ടിക കളത്തില്‍ നിന്നുള്ള ചൂളയുടെ ചൂട് ചിന്തകളില്‍ നിന്നും ഉണര്‍ത്തി

പാടങ്ങള്‍ പലതും നികത്തി വീടുകള്‍ ആയി.. കുറെ അധികം ഇഷ്ടിക കളങ്ങള്‍................ ഇനിയും ചിലത് ചെമ്മീന്‍ കെട്ടുകള്‍ ......നിലങ്ങള്‍ ആയി ബാക്കി ഉള്ളവയില്‍ വളരെ കുറച്ചു ഇടത്തില്‍ മാത്രം കൃഷി ഇറക്കുന്നു ബാക്കി തരിശായി ഇട്ടിരിക്കുന്നു കാരണം നാട്ടിലെ ആളുകള്‍ ഏതേതോ നാടുകളില്‍ പോയ്‌ കഷ്ടപെടുന്നു ഒന്നിനും ആളില്ല

..എത്ര നിര്‍ബന്തിച്ചിട്ടും ഒരു നിലവും വില്‍ക്കാന്‍ അമ്മ സമ്മതിച്ചിട്ടില്ല എല്ലാം കൃഷി ഇറക്കാതെ അങ്ങനെ കിടക്കുന്നു ...എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ ഈ കൃഷി എല്ലാം ഇറക്കും എന്ന് അമ്മ പ്രതീക്ഷിക്കുന്നുണ്ടാവുമോ

പെട്ടെന്ന് അയാള്‍ നിര്‍ത്തിയ സ്റ്റോപ്പില്‍ ബസില്‍ നിന്നും ഇറങ്ങി വന്ന വഴി തിരിച്ചു യാത്ര ചെയ്യാന്‍ തുടങ്ങി
"നീ എന്താ ഇത്ര വേഗം വന്നെ?? ടികറ്റ് കിട്ടിയില്ലേ ??
അമ്മയുടെ ചോദ്യത്തിന് പതിവില്ലാതെ അമ്മയെ കെട്ടി പിടിച്ചു കൊണ്ട് അവന്‍ പറഞ്ഞു ഇല്ലമ്മേ ഇനിയും അമ്മേം ഈ നാടും വിട്ടു ഞാന്‍ എങ്ങോട്ടും പോണില്ല

പിന്നെ എല്ലാം വേഗത്തില്‍ ആയിരുന്നു പണിക്കാരെ വിളിച്ചു നിലം കിളക്കാനും വിത്ത് വാങ്ങാനും ഏര്‍പ്പാടാക്കി ....അമ്മയ്ക്ക് പത്തു പന്ത്രണ്ടു വയസു കുറഞ്ഞ പോലെ .......
കുട്ടനു എവിടെ എവിടെയോ അലഞ്ഞു വെന്തു തുടങ്ങിയ കാലുകള്‍ ചന്ദനത്തില്‍ മുക്കിയ പോലെ തോന്നി വീണ്ടും ചെളി യില്‍ ഇറങ്ങിയപ്പോള്‍ ..പണിക്കരോടൊപ്പം പാടത്ത് തന്നെ ഇരുന്നു വിശന്ന വയറിലേക്ക് ചൂടുള്ള കഞ്ഞി യും പുഴുക്കും കോരി കുടിക്കുമ്പോള്‍ ഇതാണ് ലോകത്തിലെ ഏറ്റവും വിശിഷ്ടമായ ഭക്ഷണം എന്ന് തോന്നി

ഭക്ഷണം കഴിച്ചു തോര്‍ത്ത് മുണ്ട് കറക്കി വിയര്‍പ്പാറ്റുന്ന കുട്ടനെ കണ്ടപ്പോ അമ്മിണിക്ക് തോന്നി ഇത് കുട്ടനല്ല അവന്റെ അച്ഛന്‍ തന്നെയാണ് എന്ന് .......
മണ്ണിനെ സ്നേഹിക്കുന്നവര്‍ക്ക് അത്ര വേഗം മരിക്കാനും പറ്റില്ല എന്ന്

Monday, June 24, 2013

കഥ

ഒരു മഴക്കാഴ്ച്ച

കലങ്ങി മറിഞോഴുകുന്ന  തോട്ടുവക്കത്തുകൂടി ,നരച്ചു തുളവീണ കുടയും ചൂടി അയാള്‍ ആയാസത്തോടെ ആണ് നടക്കുന്നത് .ഒരു ദാക്ഷിണ്യം ഇല്ലാതെ അലച്ചു പെയ്യുന്ന മഴ .വരമ്പേതു? കണ്ടമേത്‌? എന്നറിയാതെ പരന്നു ഒളംവെട്ടി കിടക്കുന്ന വെള്ളം .......കക്ഷത്തില്‍ ഒതുക്കിപിടിച്ച  പൊതിക്കുള്ളില്‍ മോഡേണ്‍ ബ്രെഡും എണ്ണ പലഹാരങ്ങളും.... .എത്ര സൂക്ഷിച്ചിട്ടും പൊതി നനയ്ക്കാന്‍ ശ്രമിക്കുന്ന മഴക്കാറ്റ്.......വെള്ളം കുടിച്ച്, താടിവീര്ത്തു ,കണ്ണ് തള്ളി, തൊണ്ട വിറച്ച് പാടുന്ന തവളകള്‍.......,,, ആരാണീ പെരുമഴയത്ത്? എന്ന് എത്തി നോക്കി വെള്ളത്തില്കൂ ടി പായുന്ന നീര്‍ ക്കോ ലികള്‍ 

പാടത്ത് നിന്ന് കയറി ഇടവഴിയില്‍ എത്തിയിട്ടും പുറത്തെങ്ങും ഒരു മനുഷ്യ ജീവിയെ കാണുനില്ല കാരണംകനത്ത  മഴ തന്നെ ..പക്ഷെ അയാള്‍ ഉത്സാഹത്തോടെ നടന്നു .സ്വന്തം വഴികളില്‍കൂടി നടക്കുന്ന സുഖം .......ഇടവഴിയില്‍ നിന്നും നാലാമത്തെ വീട് .അതാണ് അയാളുടെ തറവാട്.... പടിപ്പുര കയറിയതും വിലാസിനിയേ .......എന്ന് നീട്ടി വിളിച്ചു ....കൈത്തലം മുണ്ടില്‍ തുടച്ചും കൊണ്ട് അയാളുടെ സഹോദരിയും,പലപ്രായത്തിലുള്ള അഞ്ച്,ആറു കുട്ടികളും പുറത്ത് വന്നു


കയ്യിലിരുന്ന പലഹാരപ്പൊതി തിണ്ണയില്‍ വെച്ചിട്ട് , മുണ്ട് ഒന്നും കൂടി മാടിക്കുത്തി കയ്കോട്ടും എടുത്ത് മഴപാച്ചിലില്‍ റോഡില്‍ നിന്നും കുത്തി ഒഴുകി വരുന്ന വെള്ളം തടയാന്‍ ശ്രമിച്ചു.. .സ്വന്തം കാല്‍ തട വെച്ചു, വീണ്ടും വീണ്ടും മണ്ണ് ഇട്ട് കാലുകൊണ്ട്‌ തേമ്പി ഉറപ്പു വരുത്തി ഉമ്മറത്ത് വന്നു .വീടിന്‍റെ  മേല്ക്കുരപ്പാത്തിയില്‍ നിന്നും നിറഞ്ഞു കവിഞ്ഞൊഴുകുന്ന വെള്ളത്തില്‍ കയ്യും, കാലും, കൈകൊട്ടും തേച്ചു കഴുകി .മുണ്ടുകൊണ്ട് കയ്യിലെ ഈറന്‍ തുടച്ചുംകൊണ്ട് പൂമുഖത്തേയ്ക്കു കയറി കസേരയില്‍ ഇരുന്നു ....അതിനിടയില്‍ പലഹാരപ്പോതിയും കുട്ടികളും അപ്രത്യക്ഷരായിരുന്നു .കുറെയൊക്കെ ശാന്തമായ് തീര്ന്നി രുന്ന മഴ അയാളുടെ പിന്നില്‍ മുണ്ടിന്റെ കോന്തലകൊണ്ടു മാറും മറച്ച് ചുമര്‍ ചാരിനിന്ന പെങ്ങളെ പോലെ വീണ്ടും കണ്ണ് നിറയ്ക്കാനും മൂക്ക് പിഴിയാനും പയ്യാരം പറയാനും തുടങ്ങി 


ഇളയ കുഞ്ഞിന്റെ കരപ്പനും ,രാപ്പാള് വൈദ്യന്റെ മരുന്നും കുറിപ്പും ,കുട്ടികളുടെ അച്ഛന്റെ വാത പ്പനിയും ,മഴയ്ക്ക് ചോര്ന്നൊ ലിക്കുന്ന മേല്ക്കുരയും,തൊടിയില്‍ വളര്ന്നു കൊണ്ടിരിക്കുന്ന കാടും, അതില്‍ വരാനിടയുള്ള ഇഴ ജന്തുക്ക ളുമോക്കെയായി ആ മഴ തുടര്‍ന്ന് കൊണ്ടേ ഇരുന്നു.... അസ്വസ്ഥതയോടെ അയളെഴുന്നേറ്റു  തി ണ്ണയില്‍ കയറി ഓടിനടിയില്‍ സൂക്ഷിച്ചിരുന്ന തെങ്ങോലകളും പാള കഷണങ്ങളും കൊണ്ട് ചോര്ച്ചയുള്ള ഓടിന്‍ വിടവിലോക്കെ ചോര്ച്ച തീര്ക്കാ നുള്ള വിഫല ശ്രമം ചെയ്തു

 കുറച്ചു സമയത്തിനുള്ളില്‍ ഒരു പലകയും അതിനടുത്ത് പാത്രത്തില്‍ ചൂടുള്ള കഞ്ഞിയും കഞ്ഞിക്കുമേലെ കുത്തിയ പച്ച പ്ലാവിലയില്‍ കല്ലുപ്പും കൊണ്ട് വെച്ച് സഹോദരി വീണ്ടും ചുമരും ചാരി നില്പ്പാ യി.......തിണ്ണയില്‍ നിന്നുമിറങ്ങി പ്ലാവില കുമ്പിളിലെ ഉപ്പുകല്ല് കഞ്ഞിയില്‍ അലിയിച്ചുകൊണ്ട് അയാള്‍ തൊട്ടുകൂട്ടാന്‍ എന്തെങ്കിലും കാത്തി രുന്നുവെങ്കിലും അത് വെറുതെ ആയി ..വീണ്ടും മഴ ചിണുങ്ങാന്‍ ആരംഭിക്കുമോ എന്ന് ഭയന്ന് അയാള്‍ പാത്രത്തോടെ കഞ്ഞിവെള്ളം മോന്തി, വറ്റ് പാത്രത്തില്‍ തന്നെ അവശേഷിപ്പിച്ച് എണീറ്റ്‌ മുണ്ടിന്‍ തലകൊണ്ട് ചിറിതുടച്ചു ..അറിയാതെ വായില്പെെട്ട ഒരു വറ്റ് പ്രയസപെട്ടു ഇറക്കി വിക്കികൊണ്ട് ഏമ്പക്കം വിട്ടു റോഡിലെ മഴവെള്ള കുത്തൊഴുക്ക് നോക്കികൊണ്ട്‌ നിന്നു

.പോക്കറ്റില്‍ കിടന്ന ബീഡി യെടുത്ത് ശ്രദ്ധയോടെ അതിന്റെ നൂല്കെ ട്ടുമുറുക്കി ചുണ്ടത്തു വെച്ച് നനഞ്ഞ തീപ്പെട്ടി പലവട്ടം കൊളുത്താന്‍ ശ്രമിച്ചു പരാജയപെട്ട് തീപ്പെട്ടിയും ചുണ്ടിലെ ബീഡിയും ദേഷ്യത്തില്‍ മുറ്റത്തെയ്ക്ക് വലിച്ചെറിഞ്ഞു... അടുക്കളയില്‍ നിന്നും വേറെ  തീപ്പെട്ടി എടുക്കാന്‍ തിരിഞ്ഞ പെങ്ങളെ കൈ  ആംഗ്യം   കൊണ്ട് തടഞ്ഞ്.ബീഡി യോടൊപ്പം പോക്കറ്റില്‍ ഉണ്ടായിരുന്ന ഏതാനും നോട്ടുകള്‍ സഹോദരിയുടെ അടുത്ത് തിണ്ണയില്‍ വെച്ച്,, പ്രയാ സപ്പെട്ട്കുടനിവര്ത്തി വീണ്ടും പെയ്യാന്‍ തുടങ്ങിയ മഴയിലേക്കിറങ്ങി .മഴയത്ത് ആരും കാണാതെ പെയ്ത അയാളുടെ കണ്ണുകള്‍ക്കൊപ്പം ,മരുമക്കത്തായം കൊണ്ട് അയാള്‍ക്ക് അന്യമായി , ഇപ്പോള്‍ ശിഥിലമായ്കൊണ്ടിരിക്കുന്ന അയാളുടെ തറവാടും തേങ്ങി ...

Saturday, April 6, 2013

കഥ


മഠത്തില്‍ ബംഗ്ലാവ്


പതിവിലും കുറച്ചു വൈകിയ തത്രപാടിലാണ് മാലതി ബസിറങ്ങി വേഗത്തില്‍ നടക്കാന്‍ തുടങ്ങിയത് . “മുന്‍പേ പറക്കുന്ന പക്ഷി കള്‍” അന്വേഷിച്ചു കോളേജ് ലൈബ്രറി യില്‍ ആ മൂങ്ങയുടെ മുഖമുള്ള ലൈബ്രറിയന്റെ മുന്നില്‍ കാത്തു നിന്നത് കൊണ്ടാണ് നേരം വൈകിയത്. .,”പുസ്തകം ആരോ കൊണ്ട് പോയി പിന്നീട് വരൂ “എന്ന് നിര്‍ജീവമായ സ്വരത്തില്‍ പറയാന്‍ തന്റെ മുന്നില്‍ പെണ്‍കുട്ടികളെ കുറെ അധികം കാത്തു നിര്ത്തിക്കുക അയാളുടെ സ്ഥിരം വിനോദമാണ്‌
നേരം അത്രയ്ക്കൊന്നും വൈകിയിട്ടില്ല എന്നാലും മാലു അങ്ങനെയാണ് അനാവശ്യ ധൃതി യോടെയെ നടക്കൂ കാണുന്നവര്‍ ഈ കുട്ടി എവിടെ യെങ്കിലും തട്ടി തടഞ്ഞു വീഴുമല്ലോ എന്റീശ്വരാ എന്ന് പറയുംന്ന പോലെ .
ഒരു പക്ഷെ ഇത്തിരി വൈകുംബോഴെയ്ക്കും" അച്ഛനും അമ്മേം ഇല്ലാത്ത ന്റെ കുട്ടികളെ കാക്കണേ ഭഗവാനെ" എന്നാ അമ്മമ്മയുടെ ആധിയോടെ യുള്ള നിലവിളി കാതില്‍ എപ്പോഴുംകേള്‍ക്കുന്ന കൊണ്ടാവും വീട്ടില്‍ എത്താനുള്ള ഈ നടത്തം ഓട്ടമാകാനുള്ള കാരണം .
നടന്നു നടന്നു അമ്പല നടയ്ക്കല്‍ എത്തി ഈ നാലുഭാഗത്തും വലിയ ഗോപുരങ്ങളോട് കൂടിയ അമ്പലത്തിന്റെ പുറകിലാണ് മാളൂന്റെ വീട് ചെരുപ്പൂരി കയ്യില്‍ പിടിച്ചു ഉള്ളില്‍ കൂടെ പോയാല്‍ കുറെ അധികം വഴി ലഭിക്കാം പക്ഷെ മാലൂനു ആ പതിവില്ല
ഗോപുരത്തിനോട് ചേര്‍ന്നുള്ള മതിലിടവഴിയില്കൂടി നടക്കുമ്പോ മാലൂനു തോന്നി പണ്ട് വായിച്ച ശിവജി കഥയിലെ കുഞ്ഞിന്റെ അടുത്ത് എത്താന്‍ മതില്‍ ഏറി ചാടിയ അമ്മയാണ് ഞാന്‍ എന്ന് . മാലൂ എപ്പോഴും അങ്ങനെ യാണ് ചുറ്റും നടക്കുന്നതും ,ചുറ്റും ഉള്ളവരെയും ഒന്നും കാണില്ല .ഓരോരോ കഥയിലെ കഥാപാത്രമായി സ്വയം മുഴുകി അങ്ങനെ നടക്കും

 മിക്കദിവസവും ഈ മതില്‍ ഇടവഴിയുടെ മൂലയ്ക്ക് എത്തുമ്പോ അതിന്റെ അപ്പുറത്തുള്ള വെടിപ്പുരയില്‍ വെടി പൊട്ടുകയും ഓര്‍മകളും കഥാപാത്രങ്ങളും ആ ശബ്ദത്തില്‍ ചിന്നി ചിതറുകയും ചെയ്യുമായിരുന്നു 
.
അമ്പലത്തിന്റെ വടക്കേ നടയ്ക്കല്‍ നാലാമത്തെ വീടാണ് മഠത്തില്‍ ബംഗ്ലാവ്
ചുറ്റുമതിലും പടിപ്പുരയും ഉള്ള ആ മൂന്നു നിലയുള്ള, മൂന്നാമത്തെ നിലയില്‍ പ്രാവുകള്‍ മാത്രം താമസിക്കുന്ന വീട്..... മാലൂനു അമ്പലം പോലെ തന്നെ പ്രിയപെട്ടതും ഓരോ ഓര്‍മ്മകളില്‍ മുഴുകി അറിയാതെ അതിനു മുന്നില്‍ കൈ കൂപ്പി പോകാരുള്ളതും ആണ് . അറിയാതെ തൊഴുതിട്ടു ആരും കണ്ടില്ലല്ലോ എന്ന് ചുറ്റും നോക്കി പോവുക പതിവാണ് ഇന്ന് എന്തായാലും ആ അമളി പറ്റരുത്‌ .......

ആ വീട്ടില്‍ ഒരൂസം നന്ദിനി ഏടത്ത്തിടെ കൂടെ  മോര് മേടിക്കാന്‍ പോയിട്ടുണ്ട് ..അന്ന് മാലൂനു പത്തോ പന്ത്രണ്ടോ വയസേ ഉണ്ടായിരുന്നുള്ളൂ ....ആ വീടിന്റെ പടികെട്ടുകള്‍ കയറിയതും പടിപ്പുര താണ്ടിയതും ഒരു അത്ഭുത ലോകത്തേക്കായിരുന്നു അതിനു മുന്‍പ് അത്തരം വലിയ  വീടു  മാളു  കണ്ടിട്ടുണ്ടായിരുന്നില്ല .പടിപ്പുരയോടു ചേര്‍ന്ന് വേറെയും ഒരു മതില്‍, തൊടിയില്‍ നിന്നും വീടിനെയും മുറ്റത്തെയും വേര്‍തിരിച്ച്ചുകൊണ്ട് .....വീടിന്റെ മുറ്റമെല്ലാം തറയോടു പതിച്ചിരുന്നു മുറ്റത്തിന്റെ നടുക്ക് എത്തിയപ്പോ മാലൂ ആദ്യമായി വായിച്ച നാലുകെട്ടിന്റെ കളം പാട്ട് മനസ്സില്‍ വന്നു അര്‍ദ്ധ നഗ്നകള്‍ ആയ കന്യകമാര്‍ പൂക്കുലയും പിടിച്ചു മുഖം മറച്ചു നിരങ്ങി നിരങ്ങി കളം മായ്ക്കാന്‍ തുടങ്ങിയതും നന്ദിനി ഏടത്തി ....ഈ കുട്ടിടെ ഒരു കാര്യം എന്ന് പറഞ്ഞ്കയ്യില്‍ പിടിച്ചു വലിച്ചു വീടിന്റെ പുരകുവശ്ത്തെയ്ക്ക് കൊണ്ട് പോയി

ഹോ അവിടെ മഞ്ഞപ്പൊടി പൂശി നില്‍ക്കുന്ന നാഗത്താന്‍ മാര്‍ കാവല്‍ നില്‍ക്കുന്ന ഒരു കാവ്. കാവില്‍ അരളിയും പവിഴമല്ലിയും പൂമെത്ത വിരിച്ചതിനിടയിലൂടെ നാഗങ്ങള്‍ ഇഴയുന്നുണ്ടാവണം........ഏടത്തി പോയ്‌ മോര് വാങ്ങു ഞാന്‍ കുറച്ചു നേരം ഇവിടെ നിലക്ക്ട്ടെ എന്നാ അഭ്യര്‍ത്ഥന എന്തോ എടത്തി സമ്മതിച്ചു .ഇഷ്ടംപോലെ പെറുക്കി കൂട്ടിയ പൂക്കള്‍ പാവാടയില്‍ ശേഖരിച്ചു ഏടത്തിയുടെ കയ്യും പിടിച്ചു നടന്നതും അവരുടെ വീടിന്റെ മുന്നില്‍ എത്തിയതും ആരോ പുറത്ത് വന്നപ്പോ ഏടത്തി കൈ പിടിച്ചു വലിച്ചതും ആ മുറ്റമാകെ പല്നിരങ്ങളിലുള്ള പൂക്കള്‍ ചിതറിയതും ,രണ്ടുപേരും ഓടിയതും മോരിന്റെ മണമുള്ള വിരലുകള്‍ കൊണ്ട് ഏടത്തി മാളൂന്റെ കവിളില്‍ അമര്‍ത്തി നുള്ളിയതും ഇന്നലെ എന്ന പോലെ തോന്നി......

നന്ദിനി ഏടത്തീടെ വിവാഹം കൂടി കഴിഞ്ഞപ്പോ, അമ്മമ്മയും, ദിവസത്തില്‍ ഒരിക്കല്‍ മാത്രം  വന്നു കാര്യങ്ങള്‍ അന്വേഷിച്ചു തിര്ച്ചുപോകുന്ന്ന അമ്മാമനും ഉള്ള വീട്ടില്‍ മാലൂ പുസ്തകങ്ങളുടെ ലോകത്തേക്ക് തനിയെ പോയി 
.
ഏടത്തി വിവാഹ തലേന്ന് “മോളെങ്കിലുംനന്നായി പഠിക്കണം ഇല്ലെങ്കില്‍ ഏടത്തിയെ പോലെ വേഗം ഈ നാട് വിട്ടു പോകേണ്ടി വരും” എന്ന് പറഞ്ഞപ്പോ എന്തിനാണാവോ കണ്ണില്‍ വെള്ളം നിറച്ചത് ? പിന്നീട് ഏടത്ത്തിടെ ചന്ദനനിരത്ത്തില്‍ ചുവന്ന കരയുള്ള കല്യാണ സാരിയും ,മുല്ലപൂക്കളും പാലക്കമാലയും ,കല്യാണശേഷം അതുവരെ കണ്ടിട്ടില്ലാത്ത ഏടത്തിയുടെ മുഖത്തിന്റെ തിളക്കവും ,ഏടത്തിടെം,എട്ടന്റെം കൂടെ സിനിമക്ക് പോയപ്പോ പടം കൂടെ ശരിക്ക് ശ്രദ്ധിക്കാന്‍ പറ്റാതെ മാലൂനെഅതിശയിപ്പിച്ച അവരുടെ അടക്കം പറച്ചിലും കണ്ടപ്പോ സത്യായും മാലൂ ഈ പഠിപ്പ് അങ്ങട് അവസാനിപ്പിച്ചാലോ എന്ന് വിചാരിച്ചതാണ് 

പിന്നെയും നാളുകള്‍ കഴിഞ്ഞപ്പോ ഇടയ്ക്കൊക്കെ ഏടത്തി തെളിച്ചമില്ലാത്ത മുഖവുമായി കുഞ്ഞിനേം കൊണ്ട് തനിയെ പടി കടന്നു വരികയും കുഞ്ഞിനെ അമ്മമ്മയുടെ അടുത്ത് ഇരുത്തി ഒന്നും മിണ്ടാതെ അടുക്കളയില്‍ കയറി അരച്ചുകലക്കി കടുക് വറക്കുകയോ പപ്പടം കാച്ചുകയോ ചെയ്യുംന്നതും .സ്വതവേ കുനിഞ്ഞ അമ്മമ്മ കുറെ കൂടി കുനിഞ്ഞു   ഇരുന്നു കണ്ണീരു കൂട്ടി വിളക്കിലെ തിരി തെരുക്കുകയും .....രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം ഏടത്ത്തിടെ ഏട്ടന്‍ ബി ഡി യും പുകച്ചുകൊണ്ട് വടക്കേ തൊടിയിലെ പ്ലാവിന്റെ കാതല് പരിശോധിക്കുന്ന ഭാവത്തില്‍ നില്‍ക്കുകയും ഏടത്തി ഒരു യാത്രകൂടെ പറയാതെ ആ കൂടെ പോകുന്നതും മാലൂനു എത്ര വായിച്ചിട്ടും മനസിലാകാത്ത ഖസാക്കിന്റെ ഇതിഹാസം പോലെ ആയിരുന്നു

ചിന്തകള്‍ കാട് കയറി മാലൂ മഠത്തില്‍ പടിപ്പുര മുന്നില്‍ എത്തി പതിവ് പോലെ ഇന്നും പടിപ്പുര അടഞ്ഞു കിടക്കുന്നു.. ആ വീടിനു വാഹനങ്ങള്‍ മുറ്റത്തോളം എത്തുന്ന വേറെ ഒരു ഗേറ്റ് ഉള്ളതുകൊണ്ട് ആ പടിപ്പുര അധികം തുറന്നു കാണാറില്ല .പടിപ്പുര യുടെ തൊട്ടടുത്ത്‌ എത്തിയതും അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ ആ കതകുകള്‍ തുറന്നതും മാലൂ കണ്ണടച്ച് അറിയാതെ തൊഴുതു പോയതും ഒന്നിച്ചായിരുന്നു
ജാള്യത്തോടെ കണ്ണ് തുറന്നപ്പോ അന്തം വിട്ടു ചിരിച്ചുകൊണ്ട് ഒരു യുവാവ് മുന്നില്‍ “എന്തിനാണ് ഇയാള്‍ എന്നെ തൊഴു ന്നത് ?”  മാലൂ നിഷ്കളങ്കമായി പറഞ്ഞു “ ഇല്ലല്ലോ ഞാന്‍ വീടിനെ അല്ലേ തൊഴുതത്? ആരാണ് ആ നേരത്ത് കതകു തുറക്കാന്‍ പറഞ്ഞത് ?”
“ഹ ഇതാണ് ഇപ്പൊ നന്നായത് താന്‍ എന്തിനാണ് ഞങ്ങടെ വീട് നോക്കി തൊഴുന്നത്  തനിക്കു തൊഴാന്‍ അവിടെ അമ്പലം ഇല്ലേ ?”
“അത് ഞാന്‍ ഓരോരോ ഓര്‍മയില്‍ ചെയ്യുന്നത് അല്ലേ  വേണം ന്നു  അല്ലല്ലോ”
“ഹോ ഇത്രയ്ക്ക് ഓര്‍മ കുറവിന് എന്താണ് ആവോ ആ തലയില്‍ “  ആ യുവാവിന്റെ സംസാരം മാലൂനു വളരെ ഇഷ്ടപെട്ടെങ്കിലും .ആര്‍ക്കും ഒരു കളി തമാശ പോലും പറയാന്‍ തോന്നിക്കാത്ത ഗൌരവം മുഖത്ത്  നിറച്ചു അവള്‍ വേഗത്തില്‍ നടക്കാന്‍ തുടങ്ങി ......എന്താണ് പേര് എന്നാ അയാളുടെ ചോദ്യം അവഗണിച്ചു അവള്‍ നടക്കുമ്പോഴും അവളുടെ മനസ് അവളുടെ കൈ വിരലുകളെ നുള്ളി വേര്‍പെടുത്തി ആ പടിപ്പുര ഓടികയറി പവിഴമല്ലി പൂക്കള്‍  .പെറുക്കി ഇലചീന്തിലാക്കി നാണ ത്തോടെ അയാള്‍ക്ക്‌ നേരെ നീട്ടുകയായിരുന്നു

Saturday, March 23, 2013

കവിത