Monday, July 14, 2014

കുറാലി

കുറാലികുറുകാലിയുടെ കാലുകള്‍ കുറിയത് തന്നെ ആയിരുന്നു അപ്പൊ അറിഞ്ഞിട്ട പേര് തന്നെ ..വളരെയധികം പൊക്കം കുറഞ്ഞ കുറുകാലി ഞങ്ങടെ യൊക്കെ കുറാലി.. ഒറ്റയ്ക്കാണ് താമസിച്ചിരുന്നത് പാടത്തിന്‍ കരയിലുള്ള ആ ചെറിയ കുടിലില്‍ തനിയെ പിറുപിറുത്തും ഉച്ചത്തില്‍ പാട്ട് പാടിയും കുറാലി ജീവിച്ചു .കുറാലി യെ കൊണ്ട് നാട്ടുകാര്‍ക്ക് ഉണ്ടായിരുന്ന ഏക ഉപകാരം എല്ലാ തൊടികളിലും കയറി കടിത്തുമ്പ പറയ്ക്കും എന്നതാണ് ..എന്തിനാണ് എന്ന് ചോദിച്ചാല്‍.... അതൊക്കെ പറിച്ച് ചന്തയില്‍ മരുന്ന് കടയില്‍ കൊണ്ട് പോയി വില്‍ക്കാനാണ് ..എന്നാല്‍ ആ കൂട്ടത്തില്‍ കീഴാര്‍നെല്ലിയോ കുറുംതോട്ടിയോ പറിച്ചു കൂടെ? അതും മരുന്നല്ലേ എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല... കുറാലി കടിത്തുമ്പ മാത്രേ പറിക്കാറുള്ളൂ ..എല്ലാ ചന്ത ദിവസങ്ങളിലും വേരോടെ പറിച്ചതുമ്പയുമായി കുറാലി വെളുപ്പിനെ തന്നെ ചന്തയ്ക്കു നടക്കും ....തിരിച്ചു വരുമ്പോള്‍ ഒരു പൊതി വാസന ചുണ്ണാമ്പും കൊണ്ട് വരും ..കുറാലിക്ക് ഭര്‍ത്താവോ മക്കളോ ഇല്ല ..സ്വന്തക്കാരോ ബന്ധുക്കളോ ഉണ്ടോ എന്നറിയില്ല പക്ഷെ ആരെയും കാണാറില്ല ...അവരുടെ കൂട്ടക്കാരോക്കെ കുറച്ചകലെ ആണ് താമസം ..കുറാലി ആകെ സംസാരിക്കുന്നതു എന്‍റെ അമ്മമ്മയോടു മാത്രം ആണ് ...ദിവസവും ഭക്ഷണം കഴിക്കുന്നതും വെറ്റില മുറുക്കുന്നതും വെള്ളം കൊണ്ട് പോകുന്നതും എല്ലാം അമ്മമ്മയുടെ അടുത്ത് നിന്നാണ്.. അമ്മമ്മയുടെ മുണ്ടുകള്‍ ആണ് കുറാലി മാറിനു കുറുകെ കൂടി ചുറ്റി കഴുത്തിന്‌ പുറകില്‍ കെട്ടി ഉടുത്തിരുന്നത് ...

എല്ലാവരും പറയുന്നത് കുറാലിയ്ക്ക് മന്ത്രവാദം ഉണ്ടെന്നാണ്. അതുകൊണ്ടാണ് ത്രെ ഭര്‍ത്താവും കൂട്ടക്കാരും ഇട്ടിട്ടു പോയത്. ..അമ്മമ്മയോടു ചോദിച്ചാല്‍ മുറുക്കാന്‍ ചിറിയിലൂടെ ഒലി പ്പിച്ചു കൊണ്ട് ചിരിക്കും .പിന്നെ അത് കൈ കൊണ്ട് തുടച്ച് മുറുക്കാന്‍ ഒഴുകാതെ താടി ഉയര്‍ത്തി പിടിച്ച് പറയും." അതിനു അതുണ്ടോ സ്കൂളില്‍ പോയെക്കുനു? മന്ത്രവാദം പഠിക്കണമെങ്കില്‍ എഴുത്തും വായനയും അറിയണ്ടേ ? ആളുകള്‍ വെറുതെ പറയുന്നതാ"" എന്ന് .....അമ്മമ്മ യ്ക്ക് അറിയാതെ ആണ്.. മന്ത്രവാദം പഠിക്കണേല്‍ സ്കൂളില്‍ ഒന്നും പോകണ്ട അതിനു മുഖം ദേഷ്യത്തില്‍ പിടിച്ച്.. പിറു പിറു ന്നെനെ പിറു പിറു ത്താല്‍ മതി ...കുറാലി ക്ക് മന്ത്രവാദം ഉണ്ട്...കുറാലിയുടെ കുടിലിന്റെ അടുത്ത് വലിയ ഒരു കാട്ടു മരം ഉണ്ട് രാത്രി യില്‍ അത് നിറയെ കട വാവല്‍ ആണ് ..ആ മരം ആണെങ്കില്‍ ശരിക്കും ഒരു വലിയ പിശാശിന്റെ രൂപം ആണ് ആകാശത്തോളം വളര്‍ന്നു ജഡ പിടിച്ച് അതിന്‍റെ ചോട്ടില്‍ നില്ക്കാന്‍ പകല്‍ കൂടെ ഭയ പ്പെടും, ആ മരത്തിന്‍റെ ചോട്ടില്‍ ആണ് കുറാലിയുടെ മന്ത്രവാദം.. പലരും കണ്ടിട്ടുണ്ട് ആ മരത്തിന്‍റെ ചോട്ടില്‍ കുറാലി മന്ത്രം ചൊല്ലുന്നതും എന്തൊക്കെയോ വലിച്ചു എറിയുന്നതും .

അല്ലെങ്കിലും അമ്മമ്മയ്ക്ക് നാല് ക്ലാസ് പഠിച്ചതിന്റെ ഇത്തിരി അഹങ്കാരം ഉണ്ട് ..അമ്മമ്മയുടെ പ്രായത്തില്‍ ഉള്ളവരില്‍ അമ്മമ്മ്യ്ക്കെ പത്രം വായിക്കുന്ന ശീലം ഉള്ളു എന്നും ..അമ്മമ്മ പഠിക്കുന്ന സമയത്ത് ഒരു പദ്യം ചൊല്ലിയപ്പോ ആ ഹാളില്‍ ഉണ്ടായിരുന്ന എല്ലാവരും ശ്വാസം  അടക്കി പിടിച്ചു നിന്നു എന്നും, ഒരു പൂഴി വീണാല്‍ പോലും അറിയുന്ന നിശബ്ധത ആയിരുന്നു എന്നൊക്കെ ഇടയ്ക്കിടെ പറയും. മിക്കവാറും അത് ഞാന്‍ വല്ലാത്തകഷ്ടം പിടിച്ച പദ്യം പഠിക്കുന്ന അവസരങ്ങളില്‍ ...."അടിവെച്ചടിവെച്ചകമേറി " എന്നതിന് പകരം .."അമ കേറി " എന്നോ " വിരുതന്മാര്‍ ചിലരവിടെ ഒളിച്ചു "എന്നതിന് "ചിരുതന്മാര്‍ വിരലവിടെ ഒളിച്ചു "എന്നൊക്കെ തെറ്റിച്ചു പാടുമ്പോള്‍ ആയിരിക്കും എന്നത് കൊണ്ട് അമ്മമ്മയുടെ ഈ പൊങ്ങച്ചം എനിക്ക് തീരെ ഇഷ്ടപെട്ടിരുന്നില്ല ..

.അമ്മമ്മ പറയും,, അമ്മമ്മയുടെ ചേച്ചി വായിക്കാന്‍ പഠിച്ചിട്ടില്ലത്രേ ..അപ്പൊ അമ്മമ പത്രം വായിക്കുമ്പോള്‍ "രാജീവ് ഗാന്ധി ഗുരുവായൂരില്‍" എന്നാ തലകെട്ടോടെ ഇട്ട സുന്ദരനായ രാജീവ് ഗാന്ധിയുടെ ഫോട്ടോ കണ്ട് പറയുന്നു പോലും എന്തൊരു യോഗ്യന്‍!  ഇത്രേ ചെറുപ്പത്തിലെ മരിച്ചു പോയല്ലോ ?എന്ന് ....ഇതും പറഞ്ഞ്, അമ്മമ്മ മുറുക്കാന്‍ ഒലിക്കുന്ന വരെയും ചിരിക്കുമ്പോള്‍ എനിക്ക് ദേഷ്യം വരും കാരണം ആ വല്യ അമ്മുമ്മ ഞങ്ങളുടെ ഒക്കെ പ്രിയപെട്ടവള്‍ ആണ് ....വര്‍ഷത്തില്‍ ഏഴും എട്ടും തവണ കഠിനമായ പനി വന്നു കൊണ്ടിരുന്ന ഞാന്‍ പനി ഇല്ലാത്തപ്പോഴും ആ ശ്രദ്ധയും വാത്സല്യവും കിട്ടാനും സ്കൂളില്‍ പോകാതെ ഇരിക്കാനും പനി അഭിനയിച്ചു കിടന്നാല്‍ എന്‍റെ അമ്മമ്മ ആ ചുക്കി ചുളിഞ്ഞ കൈ കൊണ്ട് മേലൊക്കെ പരതി..എവിടെ മേലൊക്കെ ചെപ്പോടത്തിന്റെ മൂട് പോലെ ഇരിക്കുന്നു എന്ന് പറയും ....ചെപ്പോടം എന്ന് പറയുന്നത് വെള്ളം പിടിച്ചു വെക്കുന്ന ചെമ്പുകുടം ആണ് അതിന്‍റെ അടിയിലത്തെ തണുപ്പാണത്രെ എന്‍റെ ദേഹത്തിന്...ഒരു പനിയും ഇല്ല അഭിനയമാണ് എന്ന് സാരം ...പക്ഷെ അടുത്ത റൌണ്ട് ഈ വല്യ അമ്മുമ്മ തൊട്ടു നോക്കിയാല്‍ പറയും ഹേയ് ഇത്തിരിശെ മേക്കാച്ചില്‍ ഉണ്ട് ..സാവൂ ഇന്ന് കുട്ട്യേ പറഞ്ഞയക്കണ്ട ട്ടോ എന്ന് ...അതുകൊണ്ട് എനിക്ക് ആ അമ്മുമ്മയോടു കൂടുതല്‍ സ്നേഹം ഉണ്ടായിരുന്നു ..പിന്നെ നല്ല ഓട്ടട ഉണ്ടാക്കാനും അറിയാം വല്യ അമ്മുമ്മയ്ക്ക് ..എന്‍റെ അമ്മമ്മ യ്ക്ക് പലഹാരം ഒന്നും ഉണ്ടാക്കാന്‍ അത്രയ്ക്ക് വശമില്ല ...

അമ്മ പറയുന്നത്അമ്മ കാണുന്ന പ്രായത്തിലേ കുറാലി ഇങ്ങനെ ഒക്കെ തന്നെ ആണെന്നാണ്‌ ..കറുത്തുരുണ്ട് കുറിയ രൂപം. ഇതേ പ്രകൃതം ..പിറു പിറു ക്കലും .,ചിലപ്പോള്‍ ഉള്ള പാട്ടും അല്ലാതെ ആരോടും സംസാരിക്കാറില്ല ..എപ്പോഴും മുഷിഞ്ഞു ഇരുണ്ട തുണി ...അമ്മമ്മ കുറാലി ക്ക് കൊടുക്കുന്നത് കോടിയോ അല്ലെങ്കില്‍ വെളുത്തേട ത്തി പുഴുങ്ങി അലക്കി നീലം മുക്കിയതോ ആയ മുണ്ടാണ് ...പക്ഷെ ഒരിക്കലും ഒരു വെളുത്ത തുണി ഉടുത്ത കുറാലി യെ ആരും കണ്ടിട്ടുണ്ടാവില്ല ..അമ്മമ്മ ചോദിക്കാറും ഉണ്ട് .."എന്‍റെ കുറാ ല്യെ, നീയ്യ്‌ ആ മുണ്ട് മണ്ണില്‍ ഇട്ടു പെരട്ടിയാണോ ഉടുക്കുന്നത് ?.. ഞാന്‍ ഇന്നലെ പറഞ്ഞില്ലേ കുറാലി ആകെ കൂടെ സംസാരിക്കുന്നതു അമ്മമ്മ യുടെ കൂടെ ആണെന്ന് ...അതിങ്ങനെ ആണ് അമ്മമ്മ കിഴക്കേപുറത്തെ ഇറയത്ത്‌ കാലും നീട്ടി തൂണും ചാരി ഇരിക്കും (വീടിന്‍റെ ഉമ്മറം പടിഞ്ഞാട്ടാണ് )നെല്ലിടാന്‍ കളം മെഴുകിയ മുറ്റത്തിനോട് ചേര്‍ന്നുള്ള  കൂവളമരത്തിന്റെ ചോട്ടില്‍ മരം ചാരി കാല്‍ അകത്തി നീട്ടി കുറാലി ഇരിക്കും .എണ്ണ തേയ്ക്കാത്ത പാറി പറന്ന ചുരുളന്‍ തോള റ്റം ഉള്ള തലമുടി അഴിച്ചി ട്ടിരിക്കും ..അമ്മമ്മ പറയും അത് വെഞ്ചാമരം ആണ് എന്ന് ഞാന്‍ ചോദിക്കും അപ്പൊ വെഞ്ചാമരം വെളുത്തിട്ടല്ലേ എന്ന് ..അപ്പൊ ഒരു സ്വോര്യക്കേടോടെ, മടക്കി ചുരുട്ടിയ വെറ്റിലയും അടയ്ക്കയും വായില്‍ വെച്ച് ചൂണ്ടാണി വിരലിലെ ചുണ്ണാമ്പ് പല്ലില്‍ തേച്ച്അമ്മമ്മ  പറയും .."എന്നാല്‍ കറുത്ത വെഞ്ചാമര എന്ന് " എന്നിട്ട് ചിരിക്കും ..

വീടിന്‍റെ കിഴക്കേ പുറത്താണ് വീട്ടിലെ മിക്ക സംഭാഷണങ്ങളും തീരുമാനങ്ങളും തമാശകളും സങ്കടങ്ങളും ഒക്കെ പൊതി യഴിക്കുന്നത്‌..കിഴക്കേ പുറം ചാഞ്ഞു ചാഞ്ഞ് ആണ് നല്‍ക്കുന്നത് ..അമ്മമ പറയുന്നത് തള്ള പുരയില്‍ നിന്നും നീട്ടി നീട്ടി യാണ്  ഈ വീട് നിലം തൊടാറായി പോയത് എന്ന് ...ഒരിക്കല്‍ ഒരു തമാശ ഉണ്ടായി ..കിഴക്കേ പുറത്തെ മുറ്റത്താണ് ഭഗവതി പറയ്ക്ക് അണിഞ്ഞിരുന്നത് ആക്കൊല്ലം ഒരു പുതിയ വെളിച്ചപ്പാട് ആയിരുന്നു .നല്ല വെളുത്ത മുടിയും വലിയ നെറ്റിയുംനല്ല ഉയരവും ഉള്ള നല്ല വെള്ച്ചപ്പാട് ...പറയ്ക്ക് തുള്ളി കഴിഞ്ഞാല്‍ അരിയും പൂവുംഎറിയാന്‍ വെളിച്ചപ്പാടും  പിന്നില്‍ ഒരു ശിങ്കിടി ഇലയില്‍ അരിയുമായി വീടിന്‍റെ അകത്തു കൂടി ഉമ്മറത്തെയ്ക്ക് ഓടും ...അന്ന് .."ഈയോ ....എന്നും പറഞ്ഞ്കുനിഞ്ഞ് നടക്കല്ലു കയറിയ വെളിച്ചപ്പാട് ഹെന്റമ്മേ ...എന്നും പറഞ്ഞ് തിരിച്ചിറങ്ങി കാരണം കുനിഞ്ഞ വെളിച്ചപ്പപ്ട് നിവര്‍ന്നത് കൃത്യം ഇറയത്തിന്‍റെ തിട്ടത്തില്‍ തല ഇടിച്ചും കൊണ്ടാണ് ....വിശാലമായ നെറ്റിയില്‍ ചെറുനാരങ്ങ വലുപ്പത്തില്‍ ഒരു മുഴ ...പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരിക്കലും എത്ര കലി കയറിയാലും വെളിച്ചപ്പാട് അകത്തേയ്ക്ക് ഓടാറില്ല .....

അപ്പൊ അമ്മമ്മയും കുറാലിയും സംസാരിച്ചു കൊണ്ടിരിക്കും ...സത്യത്തില്‍ കുറാലി ഒന്നും മിണ്ടില്ല .അമ്മ മ്മയാണ് സംസാരിക്കുക അമ്മമ്മ ഉറക്കെയും പതുക്കെയുംചിരിച്ചും നെടുവീര്‍പ്പിട്ടും കഥകള്‍ തുടരും മിക്കവാറും അമ്മമ്മ യുടെ അച്ഛന്റെ കാലത്തുള്ള പ്രതാപങ്ങള്‍ ആയിരിക്കും .... കുറാലി കറുത്ത വെഞ്ചാമരം വിടര്തിയിട്ടും പേന്‍ എടുത്തു മുട്ടിയും അങ്ങനെ ഇരിക്കും ..ഇവര്‍ രണ്ടു പേരും പൊതുവായി ചെയ്യുന്നത് മുറുക്കല്‍ എന്ന പണിയാണ് രണ്ടാളും കൂടെ ഒരു കെട്ടു വെറ്റില ഒറ്റ ഇരുപ്പിന് തീര്‍ക്കും എന്നിട്ട് ...എത്ര ദിവസമായി ഒന്ന്മുറുക്കിയിട്ട് ..വായ പച്ചെ ള്ളം( പച്ച വെള്ളം ) ചോയ്ച്ചിട്ടു വയ്യ എന്റ്റെ അമ്മു ആ മനക്കല്‍ പോയിട്ട് രണ്ടു വെറ്റില കൊണ്ട ര്വോ എന്ന് ചോദിക്കും ...അവനവന്‍റെ പറമ്പിലും ഉണ്ട് ഒരു വെറ്റില കൊടി അത് ഒരില കിളുര്‍ക്കാന്‍ വിടില്ല അമ്മമ്മയും കുറാലിയും വരുന്ന തളിരേ പറിച്ചു മുറുക്കും എന്നിട്ട് ഒരു പറച്ചിലും നമ്മടെ പറമ്പില് വെറ്റില കൊടി വളരില്ല തീരെ വര്‍ക്കത്തില്ല എന്ന് .......സംസാരിച്ചു കൊണ്ടിരിക്കെ അമ്മമ്മ പെട്ടെന്ന് വെറ്റില താംബാലവും എടുത്ത് ഒരു നടത്തയാണ് ..കുറാലി രണ്ടു കയ്യും നിലത്തു കുത്തി മൂടുയര്ത്തി എഴുന്നേറ്റ് തന്‍റെ കുടിലിലേയ്ക്കും  നടക്കും

കുറാലി യ്ക്ക് ഭക്ഷണം ഞങ്ങളുടെ വീട്ടില്‍ നിന്നാണ് ...കുറാലി,കുറാലി യുടെ അച്ഛന്റെ കാലത്ത് ഞങ്ങളുടെ തൊട്ട് അടുത്ത പൊതുവാള്‍മഠത്തില്‍ വന്നു പെട്ടതാണ്. അച്ഛന്‍ മരിച്ചു ഇടയില്‍ കല്യാണം കഴിച്ച ആള്‍ ഇട്ടിട്ട് പോയ്‌ പൊതുവാള്‍ മഠംവിറ്റും പോയി. അവിടെ നിന്നും കിട്ടിയ അഞ്ചു സെന്ററില്‍ ആണ് ഒരു കുടില്‍ .ആദ്യമൊക്കെ മുറ്റത്ത്‌ ഒരു കുഴി കുത്തി അതില്‍ ഇല ഇട്ടാണ് ത്രെ ഭക്ഷണം കൊടുത്തിരുന്നത് ..കുറാലി യ്ക്ക് ഓണത്തിന് മാവേലിക്ക് നേദിക്കുന്ന മധുരം വെച്ച അട നല്ല ഇഷ്ടം ആയിരുന്നു ..ഉമ്മറത്ത്‌ മാവേലിക്ക് നേദിക്കുമ്പോള്‍ അമ്മ പറയും മാവേലി കിഴക്കേ പുറത്തു നില്‍ക്കുന്നുണ്ട് അവിടെ കൊണ്ട് പോയ്‌ കൊടുക്ക്‌ ആദ്യം എന്ന് ....വര്‍ഷത്തില്‍ ഒരിക്കല്‍ ഞങ്ങള്‍ ചോറ്റാനിക്കര തൊഴാന്‍ നേരത്തെ പോകുമ്പോള്‍ അമ്മമ്മ കുറാലി ക്ക് ഉള്ള ഭക്ഷണം ഒരു സഞ്ചിയില്‍ അയയില്‍ കെട്ടി തൂക്കി ഇടും ..പൂച്ചയും പട്ടിയും തോടതിരിക്കാന്‍ ആണ് അത് ..ഒരിക്കല്‍ അമ്മ തന്ന ഇഡ്ഡലി കഴിക്കാന്‍ വയ്യാതെ ഞാന്‍ ഇത്തിരി കടിച്ച ഇഡ്ഡലി ആ സഞ്ചിയില്‍ ഇട്ടു ..അതിനു അമ്മമ്മ ഒരുപാട് വഴക്ക് പറഞ്ഞു ..ഒരാളുടെ എച്ചില്‍ മറ്റുള്ള വര്‍ക്ക് കൊടുക്കരുത് എന്ന് ..പശൂന്‍റെ വെള്ളത്തിലും എച്ചില്‍ ഇ ടാന്‍ സമ്മതിക്കാറില്ല ...ആകെ മൊത്തം നമ്മുടെ ബാക്കി അല്ല നമ്മുടെ ഒരു പങ്കു ആണ് മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടത് എന്ന നല്ല പാഠം വീട്ടില്‍ നിന്നും ഞങ്ങള്‍ പഠിച്ചിരുന്നു ...കുറാലി ക്ക് കുറെ കൂടി പ്രായം ആയപ്പോള്‍ ഞാന്‍ ആയിരുന്നു അവിടെ ആ കുടിലില്‍ ഭക്ഷണം കൊണ്ട് പോയ്‌ കൊടുത്തിരുന്നത് ..കുറാലിയുടെ അവസാന കാലം എന്‍റെ അമ്മമ്മ കുറാലിയുടെ പടി കടന്നു ചെന്ന് രാവും പകലും നമശിവായ : പറഞ്ഞ് ആ മുറ്റത്തിരുന്ന ചിത്രം എന്‍റെ മനസ്സില്‍ ഉണ്ട് ..

കുറാലി മന്ത്രവാദം ചെയ്യും എന്ന് പറഞ്ഞിട്ട് നിങ്ങള്‍ വിശ്വസിച്ചില്ലല്ലോ.. കുറാലി രാത്രികളില്‍ വീടിന്‍റെ മൂലയ്ക്കല്‍ ഉള്ള ആ വലിയ ജഡ പിടിച്ചു തൂങ്ങുന്ന മരത്തിന്‍റെ ചോട്ടില്‍ വന്നു നില്‍ക്കുന്നതും മന്ത്രം ചൊല്ലുന്നതും പ്രേതങ്ങളെ ഒക്കെ ശപിച്ച് കടവാവലുകള്‍ ആക്കി മാറ്റുന്നതും പലരും കണ്ടിട്ടുണ്ട് ത്രെ ...അമ്മമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ "കുറെ തലേമേ തല തെറിച്ച പിള്ളേര്‍ " തല തെറിച്ച പിള്ളേര്‍എന്നതിനെ കുറച്ചും കൂടി ബലപെടുത്താന്‍ ആകും അങ്ങനെ പറയുന്നത് .... അവന്മാര്‍ ഒക്കെ ഒരുഅര്‍ദ്ധ രാത്രി കുറാലിയുടെ പറമ്പിന്റെ മൂലയ്ക്കല്‍ ഒളിച്ചു നിന്നു ..അര്‍ദ്ധരത്രിയോടടുത്ത്തതും ഈ പാറാട കളും മറ്റ് രാത്രി ജീവികളും പ്രേതങ്ങളെ പോലെ ആ മരത്തില്‍ ബഹളം വെയ്ക്കാന്‍ തുടങ്ങി  അപ്പോഴതാ കുറാലി പിറു പിറുത്തും കൊണ്ട് വരവായി ഉറക്കെ പ്രാകി കൊണ്ട് മണ്ണ് വാരി വീക്കലും പിന്നീട് തന്‍റെ മേലെകൂടി പായുന്ന കടവാവലുകളെ ആട്ടി... പൊട്ടി കരഞ്ഞ് മണ്ണില്‍ കിടന്നുരുളലും ഒക്കെ ചെയ്യുന്നു.. പിന്നീടു എന്തോ ഓര്‍മ്മ പോലെ ആണ് ഉള്ളില്‍ പോയ്‌ മന്ത്രവദം ചെയ്ത്‌ ഒരില പൊതിയില്‍ എന്തോ പൊതിഞ്ഞ് വാറവള്ളി കൊണ്ട് കെട്ടി നൂല്‍ബന്ധമില്ലാതെ പുറത്തു വന്ന് മരത്തിനു മേലേയ്ക്ക്   പിറു പിറുത്തും കൊണ്ട് വന്ന് ഒറ്റ വീക്ക്  വീക്കിയത് ......പിന്നീട് അവിടെ ഒന്നും ഒരനക്കവും കേട്ടില്ല കുറാലി ഉള്ളില്‍ പോയ്‌ സുഖമായ് ഉറങ്ങി ....( പൊതി അഴിച്ചു നോക്കാന്‍ ധയിര്യം കാണിച്ച തലേമേ തല തെറിച്ചവര്‍ ചര്‍ദ്ദിച്ചു    അവശരായി..   ത്രെ ..(അമേന്‍ സിനിമ ഓര്‍ക്കുക )

5 comments:

 1. കുറാലിയുടെ ഗ്രാമം വളരെ നല്ല പരിചയം ഉള്ളത് പോലെ തോന്നി, 'ഈയോ' യും.
  ഇത്തരം കുറാലിമാര്‍ ഓരോ ഗ്രാമങ്ങളിലേയും പഴയ ഏടുകളില്‍ പോയ കാലത്തിന്റെ ശേഷിപ്പായി കിടപ്പുണ്ടാകും.
  ചോറ്റാനിക്കരയിലെ ഗുരുതിക്കളത്തിന്റെ അരുകിലുള്ള ആല് അവസാന മന്ത്രവാദത്തിലെ കാഴ്ചയായി കണ്ണില്‍ തെളിഞ്ഞു.
  ലളിതമായി രസായി അവതരിപ്പിച്ചു.

  ReplyDelete
 2. അടിവച്ചടിച്ചമകേറി!!!!!!!!

  ReplyDelete
 3. കഥ നന്നായിട്ടുണ്ട്. ആശംസകള്‍

  ReplyDelete
 4. കുറാലിചരിതം നന്നായിരിക്കുന്നു.

  ReplyDelete